33 കെ.വി. ടവറിലിടിച്ച് കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്നവർ പരിക്കുകളോടെ രക്ഷപെട്ടു

അഗളി: അട്ടപ്പാടി നക്കുപ്പതി പെട്രോൾ പമ്പിനടുത്ത് കാർ നിയന്ത്രണംവിട്ട് വൈദ്യുതി ടവറിലിടിച്ച് തീപിടിച്ചു. കാർ യാത്രക്കാർക്ക് പരിക്കേറ്റു. ഗൂളിക്കടവ് സ്വദേശികളായ ലിജിൻ (22), ആദർശ് (23), ദീപു (20), അഗളി സ്വദേശി ജ്യോതിഷ് (23), നെല്ലിപ്പതി സ്വദേശി അലൻ (23) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. കാവുണ്ടിക്കല്ലിൽ നിന്ന് ഗൂളിക്കടവിലേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.  നിയന്ത്രണം നഷ്ടപ്പെട്ട കാർ 33 കെ.വി. വൈദ്യുതി ടവർ തകർത്ത് മറിയുകയായിരുന്നു. ശബ്ദംകേട്ടെത്തിയ പ്രദേശവാസികളും സ്ഥലത്തെത്തിയ പോലീസും ചേർന്ന് യുവാക്കളെ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് കുറച്ച് സമയത്തിന് ശേഷം കാറിന് തീപിടിക്കുകയായിരുന്നു. 

പ്രദേശവാസികൾ പോലീസിലും കെ.എസ്.ഇ.ബിയിലും വിവരമറിയിച്ചതിനെ തുടർന്ന് മണ്ണാർക്കാട്ടുനിന്നുള്ള വൈദ്യുതി ഓഫ് ചെയ്തു. കെ.എസ്.ഇ.ബി. ജീവനക്കാരും പ്രദേശവാസികളും പോലീസും സംയുക്തമായി കാറിലെ തീയണച്ചു. പരിക്കേറ്റവരെ അഗളി എസ്.ഐ. സി.എം. അബ്ദുൾ ഖയ്യൂമിന്റെ നേതൃത്വത്തിൽ അഗളി സാമൂഹികാരോഗ്യകേന്ദ്രത്തിലെത്തിച്ചു. അപകടത്തെത്തുടർന്ന് അട്ടപ്പാടി മുഴുവൻ ഇരുട്ടിലായി
Previous Post Next Post

نموذج الاتصال