പാലക്കാട് കല്ലടിക്കോട് പുലികുട്ടിയെ ചത്ത നിലയിൽ കണ്ടെത്തി. പറക്കല്ലടിയിലെ സ്വകാര്യ വ്യക്തിയുടെ റബ്ബര്‍ തോട്ടത്തിലാണ് പുലിക്കുട്ടിയുടെ ജഡം കണ്ടെത്തിയത്. തീറ്റയെടുക്കാത്തതിനെ തുടർന്നുണ്ടായ അവശതയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. രോഗബാധയൊ മറ്റെന്തെങ്കിലുമോ മരണത്തിന് കാരണമായിട്ടുണ്ടോ എന്ന് അറിയുന്നതിനായി സാമ്പിൾ രാസ പരിശോധനക്ക് അയക്കുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ജഡം സംസ്കരിക്കും.
അതേ സമയം പുലിപ്പേടിയിലാണ് പാലക്കാട്. അകത്തേത്തറ പഞ്ചായത്തിൽ പുലി വീണ്ടും ജനവാസ മേഖലയിലേക്കിറങ്ങിയതായും. ധോണിയിൽ ആടിനെ പുലി കൊന്നതായും നാട്ടുകാർ പരാതിപ്പെട്ടു. മേലേ ധോണി സ്വദേശി വിജയൻ്റെ ആടിനെയാണ് പുലി കൊന്നത്. ചീക്കുഴി മേഖലയിലും പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞു. അയ്യപ്പൻചാൽ വെള്ളച്ചാട്ടത്തിനു സമീപമാണ് പുലിയെ കണ്ടത്