വീട് കുത്തി തുറന്ന് സ്വര്‍ണവും പണവും മോഷ്ടിച്ച പ്രതി അറസ്റ്റില്‍

മണ്ണാര്‍ക്കാട് : നഗരത്തില്‍ പെരിമ്പടാരിയില്‍ പൂട്ടിയിട്ടിരുന്ന വീട് കുത്തി തുറന്ന് സ്വര്‍ണവും പണവും മോഷ്ടിച്ചയാളെ മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവള്ളൂര്‍,പോരൂര്‍,കാരംപക്കം,അരുണാചലം കോളനിയിലെ റബ്ദീന്‍ എന്ന റബ്ദീന്‍ സലീം (48) ആണ് അറസ്റ്റിലായത്. ഇയാള്‍ നിരവധി മോഷണ കേസുകളിലും കൊലപാതക കേസിലും പ്രതിയാണെന്നും ഡിവൈഎസ്പി വി.എ കൃഷ്ണദാസ് പറഞ്ഞു. കൊലപാതക കേസുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ ബെല്‍ജാം ജയിലിലായിരുന്ന പ്രതി കഴിഞ്ഞ ഏപ്രിലിലാണ് പുറത്തിറങ്ങിയത്. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അന്വേഷണ സംഘം പിടികൂടിയതെന്നും ഡിവൈഎസ്പി പറഞ്ഞു.

ആഗസ്റ്റ് 31ന് വൈകീട്ട് അഞ്ച് മണിക്കും സെപ്റ്റംബര്‍ രാവിലെ ആറരയ്ക്കും ഇടയിലാണ് പെരിമ്പടാരിയിലെ കല്ലടി അബ്ബാസ് ഹാജിയുടെ വീട്ടില്‍ കവര്‍ച്ച നടന്നത്.31 പവനും ആറ് ഗ്രാം സ്വര്‍ണ്ണാഭരണങ്ങളും അമ്പതിനായിരം രൂപയുമാണ് അപഹരിക്കപ്പെട്ടത്.അന്ന് തന്നെ നഗരത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിലും മോഷണം അരങ്ങേറിയിരുന്നു. അബ്ബാസ് ഹാജിയുടെ വീട്ടില്‍ വിരലടയാള വിദഗ്ദ്ധര്‍, ഡോഗ്‌സ്‌ക്വാഡ് ഉള്‍പ്പടെയുള്ള സംഘമെത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു.തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി ആര്‍.വിശ്വനാഥിന്റെ നിര്‍ദേശാനുസരണം മണ്ണാര്‍ക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു.

സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരുടേയും മോഷണ കേസിലുള്‍പ്പെട്ടവരും സമീപകാലത്ത് ജയിലില്‍ നിന്നിറങ്ങിയവരുടേയും വിവരങ്ങള്‍ അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ചിരുന്നു.സംഭവ സ്ഥലത്ത് നിന്നും ലഭിച്ച ശാസ്ത്രീയ തെളിവുകളിലൂടെയാണ് ചെന്നൈ സ്വദേശിയായ റബ്ദീനാണ് പ്രതിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ സംഘം ചെന്നൈയിലെത്തി നടത്തിയ അന്വേഷണത്തില്‍ പ്രതി ഇവിടെ നിന്നും കാസര്‍ഗോഡ് ജില്ലയിലേക്ക് താമസം മാറിയതായി അറിഞ്ഞു.ഇതിന്റെ അടിസ്ഥാനത്തില്‍ കാസര്‍ഗോഡും അന്വേഷണ സംഘമെത്തിയിരുന്നു. കാസര്‍ഗോഡ് സ്വദേശിയായ അബ്ദുള്‍ റഹ്മാന്‍, പാലക്കാട് സ്വദേശിയായ ഹനീഫ എന്നിവരാണ് മോഷണമുതല്‍ പണയപ്പെടുത്താനും വില്‍ക്കാനും സഹായിച്ചതെന്ന് പൊലീസ് കണ്ടെത്തി. ഇവരേയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.

പാലക്കാട് ഒരു ദേശസാല്‍കൃത ബാങ്കില്‍ സ്വര്‍ണം പണയപ്പെടുത്തിയതായുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നീക്കങ്ങളിലാണ്  അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്. വിവിധ ജ്വല്ലറികളിലും ബാങ്കുകളിലും മറ്റും പണയപ്പെടുത്തിയ 22 പവന്‍ സ്വര്‍ണം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഡിവൈഎസ്പി വി.എ കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ മുന്‍ സിഐ കെ എം പ്രവീണ്‍കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ എം.സുനില്‍, മണ്ണാര്‍ക്കാട് സബ് ഡിവിഷന്‍ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ സാജിദ്, ഷാഫി, ശ്യാംകുമാര്‍, ബിജുമോന്‍, ദാമോദരന്‍, ഷഫീക്, സ്റ്റേഷന്‍ സൈബര്‍ സെല്‍ അംഗം ഹരീഷ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്. മോഷണം നടന്ന പെരിമ്പടാരിയിലെ വീട്ടില്‍ എസ് ഐ എം സുനിലിന്റെ നേതൃത്വത്തില്‍ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി.
Previous Post Next Post

نموذج الاتصال