ഷൊർണൂർ : സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചിട്ട് നിർത്താതെ പോയ ഓട്ടോറിക്ഷാ ഡ്രൈവറെ പോലീസ് പിടികൂടി. കണയം നെടിയേടത്ത് മുഹമ്മദ് അൻസാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി രണ്ടിന് വൈകീട്ട് ഏഴോടെ കുളപ്പുള്ളി തൃപ്പുറ്റ ക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം. കുളപ്പുള്ളി പുളിക്കൽ ശ്യാമിന്റെ സ്കൂട്ടർ ഇടിച്ചിട്ട് ഓട്ടോറിക്ഷ നിർത്താതെ പോയിരുന്നു. അപകടത്തിൽ ശ്യാമിന് പരിക്കേറ്റു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദ് അൻസാറിനെ പിടികൂടിയത്.
ഒരേദിശയിൽ പോകുകയായിരുന്ന സ്കൂട്ടറിനെ ഓട്ടോറിക്ഷ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഇടിക്കുകയായിരുന്നു എന്നാണ് പരാതി. ഓട്ടോറിക്ഷ ഇടിച്ച് സമീപത്തെ പാടത്തേക്ക് തെറിച്ചുവീണ ശ്യാമിനെ നോക്കാതെ ഓട്ടോഡ്രൈവർ രക്ഷപ്പെടാൻ ശ്രമിച്ചതായും പോലീസ് പറയുന്നു.
തുടർന്ന് സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചാണ് ഓട്ടോറിക്ഷ കണ്ടെത്തിയത്. എ.എസ്.ഐ. കെ. അനിൽകുമാർ, സി.പി.ഒ.മാരായ കെ.ബി. മുരളി, സി.കെ. സന്തോഷ്, ടി. റിയാസ് എന്നിവരാണ് കേസന്വേഷിച്ചത്.
Tags
palakkad