ടീന്‍സ്‌പേസ് വിദ്യാര്‍ത്ഥി സമ്മേളനം 18 ന് കാഞ്ഞിരപ്പുഴയില്‍

മണ്ണാര്‍ക്കാട് : എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥി, വിദ്യര്‍ത്ഥിനികള്‍ക്കായി വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ പാലക്കാട് ജില്ലാ സമിതി സംഘടിപ്പിക്കുന്ന  ടീന്‍സ്‌പേസ് സെക്കന്ററി വിദ്യാര്‍ത്ഥി സമ്മേളനം  18ന്  കാഞ്ഞിരപ്പുഴ ലിന്‍ഷ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ മുന്നൂറോളം വിദ്യാലയങ്ങളില്‍ നിന്നായി മുവായിരത്തോളം വിദ്യാര്‍ഥി, വിദ്യാര്‍ഥിനികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.വിദ്യാര്‍ത്ഥികള്‍ നേരിടുന്ന വ്യത്യസ്ത തലത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുന്നതായിരിക്കും  സമ്മേളനം. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കണ്ടുവരുന്ന പഠന വൈകല്യങ്ങള്‍, മാനസിക സംഘര്‍ഷങ്ങള്‍, ആത്മഹത്യാ പ്രവണതകള്‍ എന്നിവക്കുള്ള പരിഹാരം സമ്മേളനം നിര്‍ദേശിക്കും.

കൗമാരക്കാര്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന വരുന്ന സ്വതന്ത്ര ചിന്ത, മതനിരാസം, ലിബറലിസം, ലഹരി ഉപയോഗം, സ്‌ക്രീന്‍ അഡിക്ഷന്‍, കുറ്റകൃത്യവാസനകള്‍, ലൈംഗിക അരാജകത്വങ്ങള്‍ വിവാഹപൂര്‍വ്വ പ്രണയ ബന്ധങ്ങള്‍ തുടങ്ങി സമൂഹം ഗൗരവപൂര്‍വം ജാഗ്രത കൈക്കൊള്ളേണ്ട വിഷയങ്ങളെ സമ്മേളനം ചര്‍ച്ച ചെയ്യും. ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന ഓമനപ്പേരിട്ട് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇറക്കുമതി ചെയ്യുന്ന എല്‍ജിബിടിക്യു അടക്കമുള്ള അധാര്‍മിക പ്രവണതകള്‍ക്കെതിരെയും പുരോഗമനത്തിന്റെ പേര് പറഞ്ഞ് ക്യാമ്പസുകളില്‍ അശ്ലീലതകള്‍ പ്രചരിപ്പിക്കുന്നകപട സദാചാര വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്കെതിരെയും സമ്മേളനം പ്രതികരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

വി.കെ ശ്രീകണ്ഠന്‍ എം.പി. സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍  റഷീദ് കൊടക്കാട്ട് അധ്യക്ഷത വഹിക്കും.രാവിലെ 8:30 മുതല്‍ വിവിധ സെഷനുകളിലായി വിസ്ഡം സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ. അഷ്റഫ്, പീസ് റേഡിയോ സി.ഇ.ഒ. പ്രൊഫ.ഹാരിസ് ബിന്‍ സലീം, വിസ്ഡം ജില്ലാ പ്രസിഡന്റ് ഹംസക്കുട്ടി സലഫി, വിസ്ഡം യൂത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.താജുദ്ധീന്‍ സ്വലാഹി, ടി.കെ. നിഷാദ് സലഫി, ത്വല്‍ഹത്ത് സ്വലാഹി, എ.പി. മുനവ്വര്‍ സ്വലാഹി, ഡോ.പി.പി. നസീഫ്, മൂസ സ്വലാഹി കാര, ഡോ.സി.പി അബ്ദുല്ല ബാസില്‍, വിസ്ഡം സ്റ്റുഡന്റ്‌സ് ജില്ലാ സെക്രട്ടറി റിഷാദ് അല്‍ ഹികമി പൂക്കാടഞ്ചേരി, ജില്ലാ പ്രസിഡന്റ് എം.മുഹമ്മദ് ഷാഹിന്‍ഷാ, അഷ്‌കര്‍ സലഫി, ഷരീഫ് കാര തുടങ്ങിയവര്‍ സംസാരിക്കും.ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ റിഷാദ് അല്‍ഹികമി പൂക്കാടഞ്ചേരി, വിസ്ഡം സ്റ്റുഡന്റ്‌സ് ജില്ലാ പ്രസിഡന്റ് എം മുഹമ്മദ് ഷഹിന്‍ഷാ, വിസ്ഡം തച്ചമ്പാറ മണ്ഡലം പ്രസിഡന്റ് സലാം വാഴമ്പുറം, ജോയിന്റ് സെക്രട്ടറി ഇ.സലീം, വിസ്ഡം യൂത്ത് മണ്ണാര്‍ക്കാട് മണ്ഡലം ജോയിന്റ് സെക്രട്ടറി സി.കെ അബ്ദുല്‍ റഹീം എന്നിവര്‍ പങ്കെടുത്തു.
Previous Post Next Post

نموذج الاتصال