യുവതിയെ വെട്ടി പരിക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

പാലക്കാട് മേനോൻപാറയിൽ ലൈംഗിക അതിക്രമം തടഞ്ഞതിന് യുവതിയെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതി പൊലീസിന്റെ പിടിയിലായി. കൊട്ടിൽപാറ സ്വദേശിയായ സൈമണേയാണ് നാട്ടുകാരും കസബ പോലീസും ചേർന്ന് പിടികൂടിയത്. വിഷം കഴിച്ച നിലയിൽ പ്രതിയെ വീട്ടിൽ നിന്നാണ് കണ്ടെത്തിയത്. ഇയാളെ പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസമാണ് കഞ്ചിക്കോട് കൊട്ടില്‍പ്പാറ സ്വദേശിനിക്ക് വെട്ടേറ്റത്. സംഭവത്തിന് ശേഷം പ്രതി ഒളിവില്‍ പോയിരുന്നു.ബുധനാഴ്ച രാവിലെ പതിനൊന്ന് മണിയോടെ യുവതി അമ്മയ്ക്കൊപ്പം തോട്ടത്തില്‍ പുല്ലരിയാന്‍ പോയപ്പോഴായിരുന്നു സംഭവം. അമ്മ ചായയെടുക്കാനായി വീട്ടിലേയ്ക്ക് പോയ സമയത്ത് കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന സൈമണ്‍ യുവതിയെ ആക്രമിക്കുകയായിരുന്നു. യുവാവ് കടന്നുപിടിച്ച് ലൈംഗികാതിക്രമത്തിന് ശ്രമിച്ചതോടെ യുവതി എതിര്‍ത്തു.

ഇതിനിടെ യുവതിയുടെ കൈയിലുണ്ടായിരുന്ന കത്തി വാങ്ങി പ്രതി ആക്രമിക്കുകയായിരുന്നു. യുവതിക്ക് മുഖത്താണ് വെട്ടേറ്റത്. ബഹളം കേട്ട് സമീപവാസികള്‍ ഓടിയെത്തിയെങ്കിലും പ്രതി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ യുവതി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Previous Post Next Post

نموذج الاتصال