മണ്ണാർക്കാട്: മണ്ണാർക്കാട്ടെ ക്ഷേത്രങ്ങളിൽ മഹാശിവരാത്രി അതിവിപുലമായി ആഘോഷിച്ചു. ആൽത്തറ അങ്കാളപരമേശ്വരി ക്ഷേത്രത്തിൽ മഹാശിവരാത്രി ദിനമായ ഇന്ന് ദേവിക്ക് ഭക്തരുടെ വീടുകളിൽ പ്രത്യേക പൂജ നടന്നു. വൈകീട്ട് ക്ഷേത്രാങ്കണത്തിൽ വെച്ച് നടന്ന ദീർഘ സുമംഗലി വിളക്ക് പൂജക്ക് ബ്രഹ്മശ്രീ നാരായണ അയ്യർ കാർമികത്വം നൽകി. നൂറുകണക്കിന് സ്ത്രീകളും പെൺകുട്ടികളും വിളക്ക് പൂജയിൽ പങ്കെടുത്തു . അതിനു ശേഷം കലാപരിപാടികളും അരങ്ങേറി .
ധർമർ കോവിലിൽ എടത്തറ നൂപുരം അവതരിപ്പിച്ച നൃത്തസന്ധ്യ ഉണ്ടായിരുന്നു. ക്ഷേത്ര പൂജാരിയെ രാത്രി 9 മണിക്ക് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ കുന്തിപ്പുഴയിൽ നിന്നും ആനയിച്ചു കൊണ്ട് വന്നു . അതിനു ശേഷം ഭഗവാൻ ശിവന് രുദ്രാഭിഷേകവും ഉണ്ടായിരുന്നു .
പത്തുകൂടി അങ്കാളപരമേശ്വരി ക്ഷേത്രത്തിൽ രാവിലെ പത്തു മണിക്ക് ലളിത സഹസ്രനാമ അർച്ചന , 12 .30 നു അലങ്കാര പൂജ , വൈകീട്ട് 6.30ന് ദീർഘസുമംഗലി വിളക്ക് പൂജ എന്നീ ചടങ്ങുകളും രാത്രി 7 മണിക്ക് ശ്രീവത്സൻ നാട്യകലാക്ഷേത്രയുടെ സ്വപ്ന സുഭാഷും സങ്കവും അവതരിപ്പിച്ച കലാ സന്ധ്യ , 10 മണിക്ക് ടീം മണ്ണാർക്കാടിന്റെ എവർഗ്രീൻ നൊസ്റ്റാൾജിയ എന്ന പരിപാടികളും അരങ്ങേറി . വൈകുന്നേരം ക്ഷേത്ര ദർശനത്തിനു എത്തിയ എല്ലാ ഭക്തർക്കും അന്നദാനവും ഉണ്ടായിരുന്നു .
തോരാപുരം അണ്ണാമലയാർ ക്ഷേത്രം , പത്തുകൂടി ചിദബരേശ്വര ക്ഷേത്രം , മുക്കണ്ണം ശിവക്ഷേത്രം , ശിവൻകുന്നു ശിവ ക്ഷേത്രം, വടക്കുമണ്ണം സുന്ദരേശ്വര ശിവക്ഷേത്രം എന്നിവിടങ്ങളിലും ശിവരാത്രിയോട് അനുബന്ധിച്ച് പ്രത്യേക പൂജകൾ നടന്നു .
എല്ലാ ക്ഷേത്രങ്ങളിലും അഭൂതപൂർവമായ ഭക്തജന തിരക്ക് അനുഭവപെട്ടു .
റിപ്പോർട്ട്: സുരേഷ്. എം