രോഷാകുലരായി രക്ഷിതാക്കൾ, നിരാശരായി വിദ്യാർത്ഥികൾ സ്പെൽബി എന്ന പേരിൽ നടന്നത് തട്ടിപ്പാണെന്ന് ആരോപണം

മണ്ണാര്‍ക്കാട്:  സ്‌പെല്‍ ബീ എന്ന പേരില്‍ നടത്തിയ മത്സരപരീക്ഷ തട്ടിപ്പാണെന്ന്  ആരോപിച്ച് രക്ഷിതാക്കളുടെ പ്രതിഷേധം. മണ്ണാര്‍ക്കാട് സെയ്ന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ  ഓഡിറ്റോറിയത്തിലായിരുന്നു സ്‌പെല്‍ബീ  സംസ്ഥാനതല മത്സര പരീക്ഷ നടന്നത്. നാലു കാറ്റഗറികളിലായി തിരിച്ചുള്ള പരീക്ഷയിൽ വാക്കുകള്‍ തിരിച്ചറിയാനും സ്‌പെല്ലിങ്ങുകള്‍ കൃത്യമായി എഴുതാനും അതിന്റെ അര്‍ഥങ്ങള്‍ പറയുക തുടങ്ങിയവയായിരുന്നു ഉണ്ടായിരുന്നത്. ഉച്ചയോടെ കഴിഞ്ഞ ഒരു കാറ്റഗറിയിലെ പരീക്ഷയിലെ ഫലം പ്രഖ്യാപിച്ചപ്പോൾ ഒരു വിദ്യാര്‍ത്ഥിക്ക് തന്നെ നാല് സമ്മാനം ലഭിച്ചത് മറ്റു രക്ഷിതാക്കള്‍ ചോദ്യം ചെയ്തു. രണ്ട് പരീക്ഷയില്‍ മാത്രമേ ഈ കുട്ടിക്ക് മികച്ച മാര്‍ക്കുള്ളതെന്നും രണ്ടെണ്ണത്തില്‍ മാര്‍ക്ക് കുറഞ്ഞതിന് എങ്ങനെ റാങ്ക് നല്‍കുമെന്നും രക്ഷിതാക്കള്‍ ചോദ്യം ചെയ്തതായും,  ഇതിന് സാങ്കേതികമായി വന്ന പ്രശ്‌നമായിരുന്നുവെന്നാണ് സംഘാടകന്റെയും പരീക്ഷാ ഡ്യൂട്ടിക്കെത്തിയവരുടെയും നിലപാടെന്നും രക്ഷിതാക്കൾ പറഞ്ഞു. ഇതോടെ പരീക്ഷാ നടത്തിപ്പുകാരനായ കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജോസ് സെബാസ്റ്റിയന്‍ എന്നയാള്‍ക്കെതിരെ രക്ഷിതാക്കൾ പ്രതിഷേധമുയർത്തുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസിന്റെ സാനിധ്യത്തില്‍ ഫീസ് രക്ഷിതാക്കള്‍ക്ക് തിരികെ നല്‍കി പ്രശ്‌നം അവസാനിപ്പിക്കുകയായിരുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ സിബിഎസ്ഇ സ്‌കൂളുകളില്‍ നിന്നുള്ള 400ലധികം വിദ്യാര്‍ഥികളാണ് മത്സരപരീക്ഷയിൽ പങ്കെടുത്തത്
സിബിഎസ്ഇ സ്‌കൂളുകളിലെ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് നടത്തിയ സ്പെഷൽ പരീക്ഷകളിൽ ഒന്നാണ് ഇതെന്നായിരുന്നു നടത്തിപ്പുകാരുടെ അവകാശവാദം. രക്ഷിതാക്കൾ പോലീസില്‍ പരാതിയും നല്‍കി. അതേസമയം, സംഘാടകന്‍ അറിയിച്ചതു പ്രകാരം  പരീക്ഷ നടത്തിപ്പിന് വേദി വിട്ടുനല്‍കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്ന് സെയ്ന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു. ദൂരെ ജില്ലകളില്‍ നിന്നും വന്ന രക്ഷിതാക്കളും വിദ്യാര്‍ഥികളും വലിയ നിരാശയോടെയാണ് മടങ്ങിയത്. പരാതി പരിശോധിച്ചശേഷം നടപടി സ്വീകരിക്കുമെന്ന് സിഐ എം.ബി. രാജേഷ് അറിയിച്ചു.

Post a Comment

Previous Post Next Post