എംഎൽഎ സ്ഥാനം രാജിവെക്കില്ല; ലക്ഷ്യം പുതിയ പാർട്ടിയോ? സൂചനകൾ നൽകി പി.വി.അൻവർ

മലപ്പുറം: എല്‍ഡിഎഫ് ബന്ധം ഉപേക്ഷിച്ച് നിലമ്പൂര്‍ എംഎൽഎ പി വി അൻവർ. പാര്‍ലമെന്‍ററി പാർട്ടി യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച അൻവർ, എംഎൽഎ സ്ഥാനം രാജിവയ്ക്കില്ലെന്നും വ്യക്തമാക്കി. എംഎൽഎ എന്ന മൂന്ന് അക്ഷരം ജനങ്ങള്‍ തന്നതാണ്. പാർട്ടി പറഞ്ഞാലും എംഎൽഎ സ്ഥാനം രാജിവക്കില്ലെന്ന് അൻവർ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിവാദങ്ങൾക്കിടെ പുതിയ പാർട്ടി പ്രഖ്യാപന സാധ്യത തള്ളാതെയായിരുന്നു പിവി അൻവറിന്‍റെ വാര്‍ത്താസമ്മേളനം. ഞായറാഴ്ച നിലമ്പൂരിൽ പൊതുസമ്മേളനം വിളിക്കുമെന്നും അന്ന് അടുത്ത നീക്കം ജനങ്ങളെ അറിയിക്കുമെന്നും അൻവർ പറഞ്ഞു. എംഎൽഎ സ്ഥാനം രാജിവെക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് അൻവർ നിലപാട് വ്യക്തമാക്കിയത്. പാര്‍ട്ടി പ്രവര്‍ത്തകരിലും കോടതിയിലുമാണ് ഇനി വിശ്വാസമുള്ളത്. പാർട്ടിയിലെ സാധാരണക്കാരായ സഖാക്കളുടെ പിന്തുണ തനിക്കുണ്ടെന്നും അൻവർ ആവർത്തിച്ചു.

പിണറായി എന്ന സൂര്യൻ കെട്ടുപോയെന്ന് നിലമ്പൂർ എംഎൽഎ പി വി അൻവർ. വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനങ്ങൾ ഉന്നയിച്ചിരിക്കുന്നത്. തന്റെ മുഖ്യമന്ത്രിയുടെ ഗ്രാഫ് നൂറിൽ നിന്ന് പൂജ്യമായെന്നും പി വി അൻവർ പറഞ്ഞു. അഴിമതിക്കാരനായ എഡിജിപി എം ആർ അജിത്കുമാറിനെ മുഖ്യമന്ത്രി താലത്തിൽ കൊണ്ട് നടക്കുകയാണെന്നും പി വി അൻവർ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയെ അങ്കിൾ എന്നാണ് എഡിജിപി വിളിക്കുന്നത്. മുഖ്യമന്ത്രി തന്നെ ചതിച്ചുവെന്നും പി വി അൻവർ കുറ്റപ്പെടുത്തി. എങ്ങനെയാണ് പിണറായി തന്നെ ചതിച്ചതെന്ന് ആളുകൾ മനസിലാക്കണം. പിതാവിന്റെ സ്ഥാനത്താണ് മുഖ്യമന്ത്രിയെ കണ്ടിരുന്നത്. തനിക്കെതിരെ മുഖ്യമന്ത്രി പ്രതികരിച്ച രീതി തെറ്റാണെന്നും തനിക്ക് തന്ന ഉറപ്പുകൾ ലംഘിച്ചുവെന്നും അൻവർ പറഞ്ഞു. മുഖ്യമന്ത്രിയെ പാർട്ടിയും തിരുത്തിയില്ലെന്നും അൻവർ കുറ്റപ്പെടുത്തി.

പി ശശി കാട്ടുകള്ളനാണെന്നും പി ശശി മുഖ്യമന്ത്രിയെ കേരള ജനതയ്ക്ക് മുന്നില്‍ വികൃതമാക്കുന്നതെന്നും പി വി അന്‍വര്‍ പറഞ്ഞു. പി ശശിയും എഡിജിപി അജിത് കുമാറും ചതിക്കുമെന്ന് മുഖ്യമന്ത്രിയോട് താന്‍ മാസങ്ങള്‍ക്ക് മുന്‍പ് പറഞ്ഞതാണ്. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തിയും താന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ കേട്ടഭാവം നടിച്ചില്ലെന്ന് പി വി അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രിയെന്ന സൂര്യന്‍ കെട്ടുപോയി. അതിന് കാരണക്കാരന്‍ പി ശശിയാണ്. കേരളീയ ജനസമൂഹത്തിന് മുന്നില്‍ മുഖ്യമന്ത്രിയുടെ ഗ്രാഫ് താഴ്ന്നുവെന്നും പി വി അന്‍വര്‍ പറഞ്ഞു. പൊതുപ്രവര്‍ത്തകര്‍ക്ക് പൊതുവിഷയങ്ങളില്‍ ഇടാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഉദ്യോഗസ്ഥ പ്രമാണിത്വമാണ് നടക്കുന്നത്. അതും ഈ സര്‍ക്കാരിന്റെ സംഭാവനയാണെന്ന് പി വി അന്‍വര്‍ പറഞ്ഞു. താന്‍ എന്തുകൊണ്ട് പുറത്തു പറയുന്നു എന്ന് സഖാക്കള്‍ രോഷത്തോടെ ചോദിക്കുന്നുണ്ട്. താന്‍ പലകാര്യങ്ങളും പാര്‍ട്ടിയില്‍ പറഞ്ഞിട്ടുള്ളതാണ്. എകെജി സെന്ററില്‍ അന്വേഷിച്ചാല്‍ ഇക്കാര്യം ബോധ്യപ്പെടും. ഇനിയും താന്‍ എന്താണ് ചെയ്യേണ്ടത്?. തനിക്ക് വേണമെങ്കില്‍ ഇതൊക്കെ പറയാതിരിക്കാം. പൊതുസമൂഹത്തോട് വഞ്ചന കാണിക്കാന്‍ കഴിയില്ല എന്നതുകൊണ്ടാണ് തുറന്നു പറയുന്നതെന്നും പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

പിണറായി ഭരണത്തേയും പി വി അന്‍വര്‍ പരിഹസിച്ചു. എട്ട് വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തിന്റെ സംഭാവന എന്താണെന്ന് ചോദിച്ചാല്‍ പൊതുപ്രവര്‍ത്തകരുടെ മിണ്ടാനുള്ള സ്വാതന്ത്ര്യത്തിന് മുഖ്യമന്ത്രി കൂച്ചുവിലങ്ങിട്ടതെന്ന് പറയേണ്ടിവരുമെന്ന് പി വി അന്‍വര്‍ പറഞ്ഞു. സഖാക്കള്‍ എല്ലാം സഹിക്കണം എന്നതാണ് അവസ്ഥ. കേരളത്തെ എങ്ങോട്ടാണ് മുഖ്യമന്ത്രി കൊണ്ടുപോകുന്നതെന്നും പി വി അന്‍വര്‍ ചോദിച്ചു.
Previous Post Next Post

نموذج الاتصال