മണ്ണാർക്കാട്: ദേശീയപാത താഴെ ചുങ്കം ജങ്ഷനിലെ ഡിവൈഡറിൽ വാഹനങ്ങളിടിച്ചുള്ള അപകടങ്ങൾ വർധിക്കുന്നു. ഡിവൈഡറിൽ മുന്നറിയിപ്പ് സംവിധാനങ്ങളില്ലാത്തതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. തിങ്കളാഴ്ച പുലർച്ചെ ഒന്നിന് കാർ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയുണ്ടായി. യാത്രക്കാർ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു. ഒരുമാസം മുൻപ് ഇവിടെയുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരൻ മരിക്കുകയും ചെയ്തിരുന്നു. പത്തോളം അപകടങ്ങൾ ഇവിടെ സംഭവിച്ചുകഴിഞ്ഞു. രണ്ട് ഭാഗത്തുനിന്നും ഇറക്കമിറങ്ങിവരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ഉയരംകുറഞ്ഞുകിടക്കുന്ന ഡിവൈഡർ പെട്ടെന്ന് ശ്രദ്ധയിൽപ്പെടുന്നില്ല.
മുൻപ്, ചെറിയ ഇരുമ്പുതൂണിൽ ഒരു മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നെങ്കിലും വാഹനമിടിച്ചുകയറി ഇതും ഒടിഞ്ഞുകിടക്കുകയാണ്. ഇതുവരേയും പുനഃസ്ഥാപിച്ചിട്ടില്ല. കഴിഞ്ഞദിവസം ചേർന്ന താലൂക്ക് വികസനസമിതി യോഗത്തിലും വിഷയം ചർച്ചയായിരുന്നു. വാഹനങ്ങളുടെ അമിതവേഗവും മറ്റുവാഹനങ്ങളെ മറികടക്കാനുള്ള ശ്രമങ്ങളും ഇവിടെ അപകടങ്ങൾക്ക് വഴിവെക്കുന്നുണ്ട്. സീബ്രാലൈനുകളുണ്ടെങ്കിലും റോഡുമുറിച്ച് കടക്കുന്ന കാൽനടയാത്രക്കാരും ഭീതിയിലാണ്. തിരക്കേറിയ ദേശീയപാതയിലെ ഈ ജങ്ഷനിൽനിന്നാണ് കുമരംപുത്തൂർ-ഒലിപ്പുഴ സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്നത്.
മണ്ണാർക്കാട് ഭാഗത്തുനിന്നും വരുമ്പോഴും പെരിന്തൽമണ്ണ ഭാഗത്തുനിന്നും മണ്ണാർക്കാട്ടേക്ക് വരുമ്പോഴും റോഡിന്റെ ഇറക്കത്തിലാണ് ജങ്ഷനുള്ളത്.ഡിവൈഡറിനിടയിൽ പൂച്ചെടികൾ വെച്ചാൽ ഇതുകൊണ്ടെങ്കിലും അപകടങ്ങൾ തടയാനാകുമെന്നു നാട്ടുകാർ പറയുന്നു. എസ് വളവുകൂടിയായ ഭാഗത്ത് വേഗനിയന്ത്രണ സംവിധാനം ഏർപ്പെടുത്തണമെന്നും ആവശ്യമുയരുന്നുണ്ട്. നിരന്തരമായ അപകടങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം വിളിച്ചുചേർക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ അധികൃതർക്ക് കത്തുനൽകുമെന്ന് അധികൃതർ അറിയിച്ചു.
Tags
mannarkkad