ഓൺലൈനിൽ മരുന്നിനെക്കുറിച്ചുള്ള വിവരം തിരഞ്ഞപ്പോഴേക്കും തട്ടിപ്പ് കാരുടെ വിളിയെത്തി; പിന്നാലെ അശ്ലീല സന്ദേശമയച്ച് ഭീഷണിയും

ഒറ്റപ്പാലം: ഓൺലൈനിൽ മരുന്നിനെക്കുറിച്ചുള്ള വിവരങ്ങൾ തിരഞ്ഞ റിട്ട. സർക്കാർ ഉദ്യോഗസ്ഥനെ തട്ടിപ്പിനിരയാക്കാൻ ശ്രമം. മരുന്നെത്തിക്കാനെന്ന വ്യാജേന ഫാർമസിസ്റ്റ് എന്ന് പരിചയപ്പെടുത്തിയും പിന്നീട് സി.ബി.ഐ. ഉദ്യോഗസ്ഥനാണെന്നറിയിച്ചും വാട്സാപ്പ് കോളിലൂടെയാണ് ലക്കിടി സ്വദേശിയെ തട്ടിപ്പിനിരയാക്കാൻ ശ്രമിച്ചത്. തട്ടിപ്പാണെന്ന് മനസ്സിലാക്കി ഇയാൾ വേഗം ഒറ്റപ്പാലം പോലീസിനെ സമീപിച്ചു. രണ്ടുദിവസം മുമ്പാണ് സംഭവം. ജീവിതശൈലീ രോഗവുമായി ബന്ധപ്പെട്ട മരുന്നിന്റെ വിവരങ്ങളാണ് ലക്കിടിസ്വദേശി ഓൺലൈനിൽ തിരഞ്ഞത്. ഇതിനുശേഷമാണ് ഫാർമസിസ്റ്റെന്ന് പരിചയപ്പെടുത്തിയ ഒരു സ്ത്രീയുടെ ഓൺലൈൻ വിളിവന്നത്. ഏത് മരുന്നാണ് വേണ്ടതെന്നും മറ്റു വിവരങ്ങളും ചോദിച്ചു. മരുന്ന് വീട്ടിലെത്തിക്കാമെന്നും പണം ഓൺലൈനായി അയയ്ക്കണമെന്നും പറഞ്ഞാണ് ഫോൺ വെച്ചത്. ഇത് കഴിഞ്ഞയുടനെ വാട്‌സാപ്പ് നമ്പറിലേക്ക് അശ്ലീലചിത്രങ്ങൾ വന്നു. അതിനുശേഷമാണ് അടുത്ത ഓൺലൈൻകോൾ വന്നത്. സി.ബി.ഐ.യിലെ ഉദ്യോഗസ്ഥനാണെന്നും നിങ്ങളുടെ നമ്പറിലേക്ക് അശ്ലീലദൃശ്യങ്ങൾ വന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അറിയിച്ചായിരുന്നു വിളി. സി.ബി.ഐ.യുടേതെന്ന് തോന്നിപ്പിക്കുന്ന ലോഗോ ഉപയോഗിച്ചുള്ള വാട്‌സാപ്പിൽനിന്നാണ് വിളിവന്നത്. ദൃശ്യങ്ങളെക്കുറിച്ചുമാത്രം സംസാരം തുടർന്നതോടെയാണ് സംശയമുണ്ടായത്. ഇതോടെ കോൾ കട്ട് ചെയ്തു. പിന്നീട് സന്ദേശങ്ങൾ മുഖാന്തരമായിരുന്നു തട്ടിപ്പിന് ശ്രമം. സി.ബി.ഐ.യിൽ നിന്നാണെന്നും എത്രയും പെട്ടെന്ന് തിരിച്ചു വിളിക്കണമെന്നുമാവശ്യപ്പെട്ട് സന്ദേശങ്ങൾ ഒന്നിനുപുറകെ ഒന്നായി എത്തി. ഇതോടെ ലക്കിടിസ്വദേശി സുഹൃത്തിനൊപ്പം പോലീസ് സ്റ്റേഷനിലെത്തുകയും സൈബർപോലീസിനെ സമീപക്കയുമായിരുന്നു.വാട്‌സാപ്പ് നമ്പർ ബ്ലോക്ക് ചെയ്തു. അശ്ലീലദൃശ്യങ്ങളുടെ പേരിൽ ഭീഷണിപ്പെടുത്തി പണം തട്ടനായിരുന്നു ശ്രമമെന്ന് പോലീസ് പറഞ്ഞു. ഓരോ മാർഗങ്ങളിലൂടെയും ആളുകളെ കുടുക്കാനാണ് തട്ടിപ്പ് സംഘത്തിന്റെ ശ്രമമെന്നും ഇത്തരം കോളുകളിൽ വീഴരുതെന്നും പോലീസ് അറിയിച്ചു

Post a Comment

Previous Post Next Post