പാലക്കാട് : നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പാലക്കാട് സ്വദേശിയായ യുവതി ഗുരുതരാവസ്ഥയിൽ. രണ്ട് ഡോസ് മോണോ ക്ലോണൽ ആൻ്റി ബോഡി നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇവരുമായി സമ്പർക്കത്തിൽ വന്ന 173 പേരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കി. ഇവരിൽ 100 പേർ പ്രാഥമിക പട്ടികയിലാണ്. ഇതിൽ 52 പേർ ഹൈറിസ്ക് കോൺടാക്ട് ലിസ്റ്റിലാണ്. യുവതിയുടെ ബന്ധുക്കളും യുവതിക്ക് ആദ്യ ദിവസങ്ങളിൽ ചികിത്സ നൽകിയ ആശുപത്രികളിലെ ആരോഗ്യ പ്രവർത്തകരും ഇതിൽ ഉൾപ്പെടും. ഹൈറിസ്ക് കോൺടാക്ട് ലിസ്റ്റിൽ ഉൾപ്പെട്ട 5 പേരുടെ സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവാണ്. 4 പേരുടെ കൂടി സാമ്പിളുകൾ അയച്ചിട്ടുണ്ട്. ഇന്ന് ഫലം വരും. യുവതിയുടെ മകൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഐസലേഷനിൽ തുടരുകയാണ്. നിലവിൽ നിപ ആശങ്കയുടെ സാഹചര്യം സംസ്ഥാനത്തില്ല. നിപ പ്രതിരോധത്തിന്റെ ഭാഗമായി മെഡിക്കൽ കോളേജിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വ്യാജ പ്രചാരണങ്ങൾ നടത്തിയാൽ കേസ് എടുക്കും. പാലക്കാട് മെഡിക്കൽ കോളേജിൽ 7 പേരും മലപ്പുറത്ത് 5 പേരും ആശുപത്രിയിൽ ചികിത്സയിലുണ്ട്. പനിയുള്ള കുഞ്ഞുങ്ങളുടെ അമ്മമാരുടെയും സാമ്പിൾ അയക്കും. യുവതിയുടെ മൊബൈൽ ടവർ കേന്ദ്രീകരിച്ചും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പരിശോധന നടത്തി. മണ്ണാർക്കാട് ക്ലിനിക്കിൽ എത്തിയ ഇതരസംസ്ഥാനക്കാരനെ കൂടി കണ്ടെത്തേണ്ടതുണ്ടെന്നും വീണാ ജോർജ് വിശദീകരിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾക്കായി 26 കമ്മിറ്റികൾ രൂപീകരിച്ചു. സംശയ നിവാരണത്തിന് കോൾ സെന്റർ സജ്ജമാണ്.