സംയുക്ത ട്രേഡ് യൂണിയൻ ഒൻപതിന് പ്രഖ്യാപിച്ച ദേശീയ പണിമുടക്കിൽ സംസ്ഥാനത്തെ വാണിജ്യ, വ്യാപാര മേഖല നിശ്ചലമാകുമെന്ന് സംയുക്തസമിതി. എട്ടിന് അർധരാത്രിമുതൽ ഒൻപതിന് അർധരാത്രിവരെ നടക്കുന്ന പണിമുടക്കിൽ എല്ലാ തൊഴിൽമേഖലകളിലുള്ളവരും അണിചേരുമെന്ന് ജനറൽ കൺവീനർ എളമരം കരീം പത്രസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാരും ബാങ്ക്, ഇൻഷുറൻസ്, തപാൽ, ടെലികോം തുടങ്ങിയ മേഖലകളിലെ ജീവനക്കാരും പണിമുടക്കും. ആശുപത്രിയടക്കമുള്ള അവശ്യസർവീസുകളെമാത്രമാണ് ഒഴിവാക്കിയിട്ടുള്ളത്.
കേന്ദ്രസർക്കാരിനുമുന്നിൽ 17 ആവശ്യങ്ങൾ മുന്നോട്ടുവെച്ചാണ് പണിമുടക്ക് നടത്തുന്നത്. തൊഴിലാളിവിരുദ്ധമായ നാല് ലേബർ കോഡുകളും ഉപേക്ഷിക്കുക, എല്ലാ അസംഘടിത തൊഴിലാളികൾക്കും കരാർ തൊഴിലാളികൾക്കും പ്രതിമാസം 26,000 മിനിമം വേതനം നൽകുക, കരാർ തൊഴിലാളികൾക്ക് തുല്യജോലിക്ക് തുല്യവേതനം നൽകുക, ഇപിഎഫ് പെൻഷൻ മിനിമം 9000 രൂപ നൽകുക, ചികിത്സാസഹായവും പെൻഷനും ഉറപ്പുവരുത്തുക, പഴയ സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിക്കും.
Tags
kerala