'ആദി' എന്ന് അമ്മ, 'ഷാനി' എന്ന് അച്ഛൻ, തർക്കം വിവാഹമോചനത്തിലെത്തി; കോടതി ഒരു പേരിട്ടു അതോടെ എല്ലാം ഓകെ

കുഞ്ഞിന്‍റെ പേരിനെച്ചൊല്ലിയുള്ള തര്‍ക്കം ദമ്പതികളെ കൊണ്ടുചെന്നെത്തിച്ചത് വിവാഹമോചനത്തിന്‍റെ വക്കില്‍. മൂന്നു വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ കോടതി കുഞ്ഞിനൊരു പേരിട്ടതോടെ പിണക്കം മറന്ന് ദമ്പതികള്‍ ഒന്നിച്ചു. പരസ്പരം പൂക്കളും മധുരവും കൈമാറി അവര്‍ ഒന്നിച്ച് കുഞ്ഞുമായുള്ള ജീവിതത്തിലേക്ക് കടന്നു.

മൈസൂരുവിലെ ഹുന്‍സൂറിലാണ് സംഭവം. അമ്മ കുഞ്ഞിനെ ‘ആദി’ എന്നാണ് വിളിച്ചത്. ഈ പേര് എവിടെയും നിയമപരമായി രജിസ്റ്റര്‍ ചെയ്തിരുന്നില്ല. എന്നാല്‍ കുഞ്ഞിന്‍റെ അച്ഛനാകട്ടെ ‘ഷാനി’ എന്ന പേരാണ് തിരഞ്ഞെടുത്തത്. ഭാര്യ ഗര്‍ഭിണിയായതു മുതല്‍ കുഞ്ഞ് ജനിച്ചതിനു ശേഷവും ഇയാള്‍ ഇവരെ കാണാനെത്തിയിരുന്നില്ല. ഇതോടെ താനിട്ട പേരു തന്നെ മതി കുഞ്ഞിന് എന്ന നിലപാടില്‍ യുവതി ഉറച്ചുനിന്നു. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. തര്‍ക്കം വിവാഹമോചനത്തിലേക്ക് നീങ്ങി. നിയമപരമായി വേര്‍പിരിയാന്‍ ഇരുവരും തീരുമാനിച്ചു. മൂന്നുവര്‍ഷം കോടതി കയറിയിറങ്ങി. ഇതിനിടെ പേരാണ് ഇവര്‍ക്കിടയിലെ പ്രശ്നമെന്ന് മനസ്സിലാക്കിയ കോടതി, കുഞ്ഞിനൊരു പേര് കോടതി തന്നെ ഇടാമെന്ന് അറിയിച്ചു. ‘ആര്യവര്‍ധന’ എന്ന പേരാണ് കോടതി പറഞ്ഞത്. ഇത് കുട്ടിയുടെ അച്ഛനും അമ്മയ്ക്കും ഇഷ്ടമായി, പ്രശ്നങ്ങളും തീര്‍ന്നു.

അഡീഷണല്‍ ജില്ലാ ജഡ്ജി എച്ച്. ഗോവിന്ദയ്യ ആണ് കുട്ടിയുടെ പേര് നിര്‍ദേശിച്ചത്. കോടതിയില്‍ വച്ചു തന്നെയായിരുന്നു കുട്ടിയുടെ പേരിടല്‍ ചടങ്ങ് നടന്നതും കുട്ടിയുടെ അച്ഛനും അമ്മയും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചതും. അങ്ങനെ അത്യപൂര്‍വ സംഭവത്തിന് കോടതി വേദിയായി.
Previous Post Next Post

نموذج الاتصال