മണ്ണാർക്കാട് : തച്ചനാട്ടുകരയിൽ യുവാവിനെ സംഘംചേർന്ന് മർദിച്ച സംഭവത്തിൽ നാലുപേരെ നാട്ടുകൽപോലീസ് അറസ്റ്റുചെയ്തു. നാട്ടുകൽ സ്വദേശികളായ പെരുണ്ടപുറത്ത് യൂസഫ് (കുഞ്ഞുട്ടി-32), തൊടുകാപ്പ് വെള്ളൂർക്കാവിൽ മുഹമ്മദ് ഷിഹാബുദ്ദീൻ (34), പെരിന്തൽമണ്ണ മാട്ടറക്കൽ നെല്ലിപ്പറമ്പ് പാലത്തുംപീടിക മുഹമ്മദ് ഉനൈസ് (31), മലപ്പുറം വാഴേങ്കട നെല്ലിപറമ്പ് തോരക്കാട്ടിൽ അബ്ദുൾ അസീസ് (29) എന്നിവരാണ് പിടിയിലായത്. പരിക്കേറ്റ നാട്ടുകൽ 53-ാം മൈൽ സ്വദേശി സൽസാൽ (29) പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ചികിത്സതേടി.
കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. മണ്ണാർക്കാട് ഭാഗത്തേക്ക് ബൈക്കിൽ സഞ്ചരിക്കയായിരുന്ന സൽസാലിനെ യുവാക്കൾ കാറിൽ പിന്തുടർന്ന് 55-ാം മൈലിൽ മർദിക്കയായിരുന്നു. തുടർന്ന്, പെരിന്തൽമണ്ണ അങ്ങാടിപ്പുറത്തെ ലോഡ്‌ജിൽ ഒളിവിൽ കഴിയുകയായിരുന്ന സംഘത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ് പിടികൂടുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയശേഷം ഇവരെ റിമാൻഡ് ചെയ്തു. മാസങ്ങൾക്കുമുൻപ് സൽസാലിന്റെ ഉടമസ്ഥതയിൽ 53-ാം മൈലിൽ പ്രവർത്തിച്ചിരുന്ന ഹോട്ടലിൽ ആക്രമണം നടത്തുകയും സൽസാലിനെ മർദിക്കയും ചെയ്തതിന് കുഞ്ഞൂട്ടി, ഷിഹാബുദ്ദീൻ എന്നിവർക്കെതിരേ കാപ്പ ചുമത്തിയിരുന്നു. ഇതിന്റെ വൈരാഗ്യം നിമിത്തമാണ് ഇപ്പോഴത്തെ സംഭവമെന്ന് പോലീസ് പറയുന്നു.
മണ്ണാർക്കാട് ഡിവൈഎസ്‌പി സന്തോഷിന്റെ നിർദേശാനുസരണം നാട്ടുകൽ സിഐ എ. ഹബീബുള്ള, എസ്‌ഐ രാമദാസൻ, എഎസ്‌ഐമാരായ ബിനുമോൻ, പ്രശാന്ത്, സനീഷ്, രമേഷ്, സീനിയർ സിവിൽപോലീസ് ഓഫീസർമാരായ കമറുദ്ദീൻ, കൃഷ്ണപ്രസാദ്, ഹക്കീം, ചന്ദ്രൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്
Tags
mannarkkad