കരിമ്പ ഇടക്കുറുശ്ശി കവലയില്‍ നിര്‍മിച്ച സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസായ എകെജി സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കവേയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റര്‍ ഫാസിസത്തിന്റെ അപകടാവസ്ഥക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുന്നത് കേരളമാണെന്നും അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ വോട്ടുകള്‍ ഏകീകരിപ്പിക്കാൻ സംസ്ഥാനങ്ങള്‍ മുന്‍കൈ എടുക്കണമെന്നും പറഞ്ഞത്.
കേരളത്തിലെ പ്രതിപക്ഷത്തിന് പുരോഗതി തടയുക എന്ന നെഗറ്റീവ് ചിന്തയാണ്. വിദേശ രാജ്യങ്ങളില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുന്നത് കേരളത്തിന്റെ അടിസ്ഥാന വികസനങ്ങള്‍ക്കുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാനാണ്. ഇതിന് തടയിടാനാണ് മുഖ്യമന്ത്രിയേയും കുടുംബത്തേയും പ്രതിപക്ഷവും ബിജെപിയും ആക്രമിക്കുന്നത്. അടുത്ത നാല് വര്‍ഷത്തിനകം 20 ലക്ഷം പേര്‍തക്ക് തൊഴില്‍ നല്‍കാനുള്ള ഫലപ്രദ ഇടപെടല്‍ സര്‍ക്കാര്‍ നടപ്പാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനുള്ള ഇന്ത്യയുടെ കേന്ദ്രമായി കേരളം മാറുന്നുവെന്നതാണ് രാജ്യത്തിന് മുന്നിലുള്ള ചിത്രമെന്നും അദ്ദേഹം പറഞ്ഞു.
ഏരിയ സെക്രട്ടറി യു ടി രാമകൃഷ്ണന്‍ അധ്യക്ഷനായി. അഞ്ച് സെന്റ് സ്ഥലത്ത് നാല്‍പ്പത് ലക്ഷത്തോളം രൂപ ചെലവിട്ടാണ് ലോക്കല്‍ കമ്മിറ്റി ഓഫീസ് നിര്‍മിച്ചത്.
ഓഫീസിലെ ശ്രീധരപ്പണിക്കര്‍ സ്മാരക ഹാള്‍ ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവും പിഎ മൊയ്തീന്‍കുട്ടി സ്മാരക ഹാള്‍ സംസ്ഥാന കമ്മിറ്റി അംഗം സി കെ രാജേന്ദ്രനും സി ഡി പീറ്റര്‍ സ്മാരക വായനശാല എന്‍.എന്‍ കൃഷ്ണദാസും ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ ചടങ്ങില്‍ അനുമോദിച്ചു. കെ ശാന്തകുമാരി എംഎല്‍എ, പികെ ശശി, പി എ ഗോകുല്‍ദാസ്, കെ എസ് സലീഖ, ലോക്കല്‍ സെക്രട്ടറി എന്‍ കെ നാരായണന്‍കുട്ടി,കെ സി റിയാസുദ്ദീന്‍, സി പി സജി തുടങ്ങിയവര്‍ പങ്കെടുത്തു.