പാലക്കാട് : പി.കെ. ശശിക്ക് പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിൽ രൂക്ഷ വിമർശനം. ശശിക്കെതിരെ ഉയർന്ന ആരോപണങ്ങൾ പരിശോധിക്കണം എന്നാണ് ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടതെന്നുമാണ് ഏഷ്യാനെറ്റ് ന്യൂസ് നൽകുന്ന വാർത്ത.
ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട്
രണ്ടുമാസം മുമ്പ് പി.കെ.ശശിക്കെതിരെ മണ്ണാർക്കാട് ലോക്കൽ കമ്മിറ്റി അംഗം കെ.മൻസൂർ ജില്ലാ കമ്മിറ്റി പരാതി നൽകിയെങ്കിലും, നടപടി പോയിട്ട്, പരാതി ജില്ലാ നേതൃത്വം ചർച്ചയ്ക്ക് പോലും എടുത്തില്ലെന്നും. ഏഷ്യാനെറ്റ് ന്യൂസ് പി.കെ.ശശി നടത്തിയ സ്വജനപക്ഷപാത നിയമനങ്ങളും സഹകരണ സ്ഥാപനങ്ങളെ സ്വാധീനിച്ച് നടത്തിയ സാമ്പത്തിക ഇടപാടുകളും പുറത്തുവിട്ടതൊടെയാണ് എ.കെ.ബാലൻ കൂടി പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗം വിഷയം ചർച്ചയ്ക്ക് എടുത്തതെന്നും ചാനൽ അവകാശപ്പെടുന്നുണ്ട്.
പി.കെ.ശശിക്കെതിരായ ആരോപണം പരിശോധിക്കണം എന്നാണ് ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടത്. എൻ.എൻ.കൃഷ്ണദാസും വി.ക.ചന്ദ്രനും മാത്രമാണ് ശശിയെ പ്രതിരോധിക്കാൻ തുനിഞ്ഞത്. വിഷയം ഗൌരവതരം എന്ന നിലപാട് എടുത്ത ജില്ലാ സെക്രട്ടറിയേറ്റ്, മണ്ണാർക്കാട് ലോക്കൽ കമ്മിറ്റിയിൽ പരാതി ചർച്ച ചെയ്യണം എന്ന് നിർദേശിച്ചു. അടുത്ത ദിവസം ജില്ലാ സെക്രട്ടറി കൂടി പങ്കെടുക്കുന്ന എൽസി യോഗത്തിൽ മൻസൂറിന്‍റെ പരാതി ചർച്ച ചെയ്യും. അതിനു ശേഷം ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ലോക്കൽ കമ്മിറ്റിയിലെ ചർച്ചയുടെ ഉള്ളടക്കം അറിയിക്കും. പിന്നീടാകും തുടർ നടപടികളിലെ തീരുമാനം എന്നും ചാനൽ പറയുന്നു
ഇതിനിടെ നഗരസഭ കൗൺസിലർ മൻസൂറിന്റെ എഫ് ബി പോസ്റ്റും വൈറലാകുന്നുണ്ട്. ഇന്നലെ രാത്രിയിലാണ് മൻസൂർ എഫ് ബിയിൽ പൃഥ്വിരാജിന്റെ ഹിറ്റ് സിനിമയായ കടുവയിലൂടെ ശ്രദ്ധേയമായ വരികൾ എഫ് ബി പോസ്റ്റായി കുറിച്ചത്
"നീ ചെയ്തതിനൊക്കെയും ഞാൻ നിന്നോട് പകരം ചെയ്യും.
നിൻ്റെ പ്രവർത്തികൾ നിൻ്റെ തല മേൽ തന്നെ മടങ്ങി വരും.
നിൻ്റെ ഹൃദയത്തിൻ്റെ അഹന്ത നിന്നെ ചതിച്ചിരിക്കുന്നു.
നീ കഴുകനെ പോലെ ഉയർന്നു പറന്നാലും,
നക്ഷത്രങ്ങൾക്കിടയിൽ കൂട് കുട്ടിയാലും,
അവിടെ നിന്നെല്ലാം ഞാൻ നിന്നെ താഴെയിറക്കും.
ഒബത്യാവിൻ്റെ പുസ്തകം"
ഈ സംഭവ വികാസങ്ങൾ ലീഗിന്റെ ഉള്ളറകളെ ഏറെ സന്തോഷിപ്പിക്കുന്നുണ്ട്, ആർക്കെതിരെ നടപടിയുണ്ടായാലും അത് ലീഗിനും കോൺഗ്രസ്സിനും ആഹ്ളാദിക്കാൻ വക നൽകുന്നതാവുമെന്നാണ് അവരുടെ വിലയിരുത്തൽ