മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ വിജയിച്ചതിനെ ചൊല്ലിയുള്ള തർക്കങ്ങൾ ഒടുങ്ങുന്നില്ല, എംഎസ്എഫുമായി ചേര്‍ന്ന് യു.ഡി.എസ്.എഫ്. സഖ്യമായി മത്സരിക്കാനാണ് കെ.എസ്.യുവിന് നേതൃത്വം നിര്‍ദേശം നല്‍കിയതെന്ന് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു. നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.
മറിച്ചൊരു നിര്‍ദേശവും നല്‍കിയിട്ടില്ല. ഒന്നാം ഘട്ട വോട്ടെടുപ്പ് കഴിഞ്ഞശേഷം മുസ്‌ലിം ലീഗ്, കോണ്‍ഗ്രസ്, യൂത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ്, എം.എസ്.എഫ്., കെ.എസ്.യു. നേതാക്കള്‍ ചേര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ യു.ഡി.എസ്.എഫ്. സഖ്യമായി മത്സരിക്കാനാണ് ധാരണയായതും. ഇത് സംബന്ധിച്ചാണ് നിര്‍ദേശം നല്‍കിയതും. എന്നാല്‍ സീറ്റ് ധാരണയിലെത്തുന്നതില്‍ വൈകുകയും ചെയ്തു. അപ്പോഴേക്കും യൂനിറ്റ് ഭാരവാഹികള്‍ തെരഞ്ഞെടുപ്പ് ഹാളിലേക്ക് കയറുകയും ചെയ്തു. യൂനിറ്റ് കമ്മിറ്റിയെ അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ. വിജയിക്കാനുണ്ടായ സാഹചര്യത്തില്‍ കെ.എസ്.യു നിയോജക മണ്ഡലം കമ്മിറ്റിക്കോ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിനോ പങ്കില്ല. എസ്.എഫ്.ഐയുമായി ഒരുകാരണവശാലും സഖ്യത്തിന് തയാറാകില്ല. കെ.എസ്.യു. യൂനിറ്റ് കമ്മിറ്റിക്കെതിരെയുള്ള ജില്ലാ കമ്മിറ്റിയുടെ നടപടിയെ അംഗീകരിക്കുന്നു. അന്വേഷണത്തില്‍ എല്ലാം വരും. ആരുതെറ്റ് ചെയ്താലും പാര്‍ട്ടി സംരക്ഷിക്കില്ല. കേളജിനകത്തേക്ക് എന്താണ് പുറത്ത് നിന്നും നല്‍കിയ വിവരമെന്ന് അന്ന് അവിടെയുണ്ടായിരുന്ന കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ക്കെല്ലാം അറിയാം. സസ്‌പെന്‍ഷന്‍ നടപടിയുമായി ബന്ധപ്പെട്ട് യൂനിറ്റ് കമ്മിറ്റിക്ക് കാര്യങ്ങള്‍ ബോധിപ്പിക്കാം. വിഷയത്തില്‍ സമഗ്രമായ അന്വേഷണം ഉണ്ടാകണമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഗിരീഷ് ഗുപ്ത, കെ.എസ്.യു. നിയോജക മണ്ഡലം പ്രസിഡന്റ് ഷമീം അക്കര, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ആഷിക്ക് വറോടന്‍, ഹാരിസ് തത്തേങ്ങലം, സിജാദ് അമ്പലപ്പാറ, മുന്ന ഷഹബാസ്, അര്‍ഷാദ്, റിന്‍ഷിന്‍ എന്നിവര്‍ പങ്കെടുത്തു.