രാജവെമ്പാല തന്നെ കടിച്ച ശേഷം ചത്തുപോയി എന്ന അവകാശവാദവുമായി മദ്യപൻ. ഉത്തർപ്രദേശിലെ ഖുശിനഗർ നഗറിലാണ് സംഭവം. പാമ്പ് കടിയേറ്റെന്ന് പറഞ്ഞ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്കാണ് ഇയാൾ ചികിത്സ തേടിയെത്തിയത്. അസുഖം എന്താണെന്ന് തിരക്കിയ ആശുപത്രി ജീവനക്കാരോട് തനിക്ക് രാജവെമ്പാലയുടെ കടിയേറ്റുവവെന്നായിരുന്നു മറുപടി. ഒന്നല്ല രണ്ടുതവണ തന്നെ പാമ്പ് കടിച്ചു എന്നും അർധബോധാവസ്ഥയിൽ ഇയാൾ വിശദീകരിച്ചു.
തന്നെ കടിച്ച ഉടൻതന്നെ രാജവെമ്പാല ചത്തുപോയതായും അവകാശപ്പെട്ടു. രാജവെമ്പാലയുടെ ഉഗ്രവിഷമേറ്റാൽ പരമാവധി 15 -20 മിനിറ്റിനുള്ളിൽ മരണം സംഭവിക്കാനുള്ള സാധ്യത ഏറെയാണന്നിരിക്കെ രോഗി പറഞ്ഞത്രയും വിശ്വസിക്കണോ വേണ്ടയോ എന്നറിയാതെ ആശുപത്രി ജീവനക്കാരും ആശയക്കുഴപ്പത്തിലായി. പറഞ്ഞ കഥ തൽക്കാലം വിശ്വസിക്കാതെ ജീവനക്കാർക്ക് മറ്റു മാർഗമില്ലെന്നായി. കാരണം ചത്ത പാമ്പിന്റെ ജഡവും കൊണ്ടായിരുന്നു രോഗിയുടെ വരവ്. കടിച്ച് നിമിഷങ്ങൾക്കുള്ളിൽ പാമ്പ് ചാവുകയായിരുന്നുവെന്നാണ് മദ്യപൻ ആവർത്തിച്ചു പറഞ്ഞത്. കവറിനുള്ളിലാക്കിയാണ് പാമ്പിന്റെ ജഡം ഇയാൾ കൊണ്ടുവന്നത്. ജില്ലാ ആശുപത്രിയിലെ ദൃശ്യങ്ങളടക്കം ഇൻസ്റ്റഗ്രാമിലെ ട്രോൾ പേജിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് സംഭവം വൈറലായത്. ചികിത്സ തേടിയെത്തിയ വ്യക്തി പറഞ്ഞ കഥ അപ്പാടെ വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടെന്നാണ് പ്രതികരണങ്ങൾ. അർധബോധാവസ്ഥയിൽ ചത്ത പാമ്പിനെ കണ്ടപ്പോൾ ഇയാൾ മെനഞ്ഞെടുത്ത കഥയാവാം ഇതെന്നാണ് ഭൂരിപക്ഷം പേരുടേയും നിഗമനം. എന്ത് തന്നെയായാലും ഷരാബി സേ പങ്കാ ന ലേനേക്കാ എന്ന പേരിൽ സംഭവം വൈറലാണ്
വീഡിയോ കാണാം