കൊല്ലം ശാസ്താംകോട്ടയില്‍ ബൈക്കില്‍ സഞ്ചരിച്ചു കൊണ്ട് സോപ്പ് തേച്ചുകുളിച്ച യുവാക്കള്‍ പൊലീസ് പിടിയിലായി. സിനിമാപറമ്പ് സ്വദേശികളായ അജ്മല്‍, ബാദുഷ എന്നിവരാണ് പിടിയിലായത്. കളി കഴിഞ്ഞ് മടങ്ങുന്നതിനിടെ മഴയില്‍ നനഞ്ഞ ടീഷര്‍ട്ട് ഊരിയ ശേഷം കുളിച്ചതാണെന്നാണ് യുവാക്കള്‍ പറയുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കനത്ത മഴയ്ക്കിടെ കൊല്ലം ഭരണിക്കാവ് ടൗണിലൂടെ യുവാക്കള്‍ അര്‍ധനഗ്‌നരായി മഴയത്ത് ബൈക്കില്‍ യാത്ര ചെയ്യുകയും, പിറകിലിരിക്കുന്നയാൾ സോപ്പ് തേക്കുന്നതുമായ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ തോതിൽ പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പൊലീസ് യുവാക്കളെ കണ്ടെത്തി സ്റ്റേഷനില്‍ എത്തിച്ചത്.
അപകടകരമായ ഡ്രൈവിങ് ഉള്‍പ്പെടെ വകുപ്പുകള്‍ ചുമത്തി കേസെടുത്തശേഷം പിഴ ഈടാക്കി ഇവരെ വിട്ടയച്ചതായി പൊലീസ് പറഞ്ഞു.