മണ്ണാർക്കാട് എം എൽ എ അഡ്വ. എൻ. ഷംസുദ്ദീന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും മണ്ണാർക്കാട് മുൻസിപ്പാലിറ്റിയിലെ ഒന്നാം മൈൽ - ഗോവിന്ദപുരം ക്ഷേത്രം റോഡിന് 20 ലക്ഷം രൂപയും, കുമരംപുത്തൂർ ഗ്രാമ പഞ്ചായത്തിലെ ചങ്ങലീരിയിലെ മല്ലി - പാലക്കണ്ണി റോഡിന് 10ലക്ഷം രൂപയും അനുവദിച്ചതായി എൻ. ഷംസുദ്ദീൻ എം എൽ എ അറിയിച്ചു.
മണ്ണാർക്കാട് നഗരസഭയിലെ ഒന്നാം മൈൽ വാർഡിൽ പെട്ട ഒന്നാം മൈൽ- ഗോവിന്ദാപുരം ക്ഷേത്രം റോഡിൽ ഗതാഗതം ദുഷ്ക്കരമായിട്ട് കാലങ്ങളായി. ക്ഷേത്രത്തിന് മുന്നിലുള്ള വളരെ കുറച്ച് ഭാഗങ്ങളിൽ മാത്രമാണ് ടാറിങ്ങും, കോൺക്രീറ്റും ചെയ്തിട്ടുള്ളത്. ബാക്കി ഭാഗങ്ങൾ തകർന്ന് കിടക്കുന്നതിനാൽ ഓട്ടോറിക്ഷ പോലും ഇവിടേക്ക് സവാരി വരാൻ മടിക്കുന്ന സാഹചര്യമാണ്. മണ്ണാർക്കാട് യൂണിവേഴ്സൽ കോളേജ്, പാർത്ഥസാരഥി ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള പ്രധാന റോഡാണിത്.
ഒന്നര കിലോമീറ്ററോളം ദൂരം വരുന്ന കുമരംപുത്തൂർ ഗ്രാമ പഞ്ചായത്തിലെ ചങ്ങലീരിയിലെ മല്ലി - പാലക്കണ്ണി റോഡിൽ ടാറിങ്ങ് തീരെയില്ലാതായി കിടക്കുന്ന ഭാഗങ്ങളിലൂടെയുള്ള യാത്രയും ദുഷ്ക്കരമാണ്. റോഡ് പൂർണ്ണമായും ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഈ റോഡിനായി ഗ്രാമ പഞ്ചായത്തും പത്ത് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. തകർച്ചയിലായ രണ്ട് റോഡുകളുടേയും നവീകരണ പ്രവർത്തനത്തിന് തുക അനുവദിച്ച എം എൽ എയുടെ നടപടി പ്രദേശവാസികൾക്ക് വലിയ ഒരു ആശ്വാസം തന്നെയാണ്