നടന്നത് "ഒന്നൊന്നര ഫൈനൽ" മണ്ണാർക്കാട് സെവൻസ് ഫുട്ബോൾ ടൂർണമെൻറ് സമാപിച്ചു

മണ്ണാർക്കാട്:  കഴിഞ്ഞ ഡിസംമ്പർ 13 ന് ആരംഭിച്ച മണ്ണാർക്കാട് ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിച്ച  മുല്ലാസ് വെഡിംഗ് സെന്റർ അഖിലേന്ത്യേ സെവൻസ് ഫുട്ബോൾ ടൂർണമെൻറ് സമാപിച്ചു. അൽ മദീന ചെർപ്പുളശ്ശേരിയും സൂപ്പർ സ്റ്റുഡിയോ മലപ്പുറവും തമ്മിൽ നടന്ന ഫൈനൽ മൽസരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ മൂന്നിനെതിരെ അഞ്ച് ഗോളുകൾക്ക് സൂപ്പർ സ്റ്റുഡിയോ മലപ്പുറം വിന്നേഴ്സ് ട്രോഫി കരസ്ഥമാക്കി.
നിറഞ്ഞ് കവിഞ്ഞ ഗ്യാലറിയെ സാക്ഷിയാക്കി സൂപ്പർ സ്റ്റുഡിയോ മലപ്പുറം കപ്പുയർത്തിയപ്പോൾ, ഫൈനൽ മൽസരം ഫുട്ബോൾ പ്രേമികൾക്ക് എന്നെന്നും ഓർക്കാനുള്ള മുഹൂർത്തങ്ങൾ  കൂടിയാണ് സമ്മാനിച്ചത്. 
സ്കോർ സൂചിപ്പിക്കുന്ന പോലെ അത്യന്തം വാശിയേറിയ മൽസരമാണ് മുബാസ് ഗ്രൗണ്ടിൽ നടന്നത്. ആദ്യ പകുതിയുടെ തുടക്കത്തിൽ തന്നെ അർഷാദിന്റെ ഗോളിലൂടെ അൽ മദീന ചെർപ്പുളശ്ശേരി  മുന്നിലെത്തി. 
തുടർന്ന് മൽസരം വാശിയോടെ മുന്നോട്ട് പോകുന്നതിനിടെ റഫറിയിങ്ങിൽ പക്ഷപാതിത്വമുണ്ടെന്ന് ആരോപിച്ച് സൂപ്പർ സ്റ്റുഡിയോ കളി ബഹിഷ്ക്കരിക്കാനൊരുങ്ങിയതോടെ,
 കാണികൾ കൂട്ടത്തോടെ മൈതാനത്തേക്ക് ഇറങ്ങിയത് കുറേയേറെ നേരം സംഘർഷ സാധ്യത സൃഷ്ടിച്ചു. പോലീസിന്റേയും, കമ്മിറ്റിക്കാരുടേയും സമയോചിത ഇടപെടലിലൂടെ കളി പുനരാരംഭിച്ച ശേഷം ഗ്യാലറി സാക്ഷിയായത് തീ പാറുന്ന പ്രകടനങ്ങൾക്കാണ്. 
അൽ മദീനയും, സൂപ്പർ സ്റ്റുഡിയോയും ഇഞ്ചോടിഞ്ച് മൽസരിച്ചപ്പോൾ മൽസര സമയം പൂർത്തിയായത്  2 - 2 എന്ന സ്ക്കോറിലാണ്.  തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ടൗട്ടിലും ഉദ്വേഗ നിമഷങ്ങളാണ് കാണികൾക്ക് സമ്മാനിച്ചത്. സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന്റെ പ്ലയർ എടുത്ത ആദ്യ കിക്ക് പുറത്തേക്കടിച്ച് പാഴാക്കി. ഒടുവിൽ മദീനയുടെ രണ്ട് കിക്കുകൾ സേവ് ചെയ്ത്  സൂപ്പർ സ്റ്റുഡിയോയുടെ ഗോൾക്കീപ്പർ നിഖിൽ ടീമിന്റെ രക്ഷകനായി മാറുകയായിരുന്നു. 
ടൂർണ്ണമെന്റിൽ കളിച്ച ടീമുകളിൽ നിന്നും തിരഞ്ഞെടുത്ത മികച്ച താരങ്ങൾക്ക് പ്രത്യേക ഉപഹാരം നൽകി ആദരിച്ചു. ഏറ്റവും നല്ല ഗോൾകീപ്പറായി അൽ മദീനയുടെ ഷാനുവും, ഏറ്റവും മികച്ച സ്റ്റോപ്പർ ബാക്കായി സൂപ്പർ സ്റ്റുഡിയോയുടെ വിദേശ താരം അലിയും, ടൂർണ്ണമെന്റിലെ ബെസ്റ്റ് പ്ലെയറായി അൽ മദീനയുടെ ജിൻഷാദും തെരഞ്ഞടുക്കപ്പെട്ടു.

ഫൈനൽ മൽസരം മണ്ണാർക്കാട് നഗരസഭാ ചെയർപേഴ്സൺ സി മുഹമ്മദ് ബഷീർ ഉൽഘാടനം ചെയ്തു. എം എഫ് എ പ്രസിഡന്റ് മുഹമ്മദ് ചെറൂട്ടി അധ്യക്ഷത വഹിച്ചു. എസ് എഫ് സംസ്ഥാന പ്രസിഡന്റ്  കെ എം ലെനിൻ, എസ് എഫ് എ സംസ്ഥാന ജനറൽ സെക്രട്ടറി  സൂപ്പർ അഷറഫ് ബാവ , മുൻ സന്തോഷ് ട്രോഫി താരവും എം എസ് പി അസിസ്റ്റന്റ് കമാന്റന്ററുമായ  ഹബീബ് റഹ്മാൻ , ബ്ലോക്ക് പഞ്ചായത്തംഗം ബഷീർ തെക്കൻ , എം എഫ് എ കാര്യദർശിയും സാമൂഹ്യ പ്രവർത്തകനുമായ ടി കെ അബൂബക്കർ ബാവി, മുബാസ് ഗ്രൗണ്ട് ഉടമ അഷ്റഫ് അലി, മുൻ ജില്ലാ പഞ്ചായത്തംഗം സി അച്ചുതൻ , മുല്ലാസ് പ്രതിനിധി കലേഷ്, എസ് എഫ് എ ജില്ലാ ജനറൽ സെക്രട്ടറി  വാഹിദ് കുപ്പൂത്ത്, എസ് എഫ് എ ജില്ലാ വൈസ് പ്രസിഡന്റ്  നസീർ എടത്തനാട്ടുകര ,എം എഫ് എ ജനറൽ സെക്രട്ടറി ഫിറോസ് ബാബു, ട്രഷറർ എം സലീം തുടങ്ങിയവർ പ്രസംഗിച്ചു.
Previous Post Next Post

نموذج الاتصال