മണ്ണാർക്കാട്: ലോക വനിതാ ദിനമായ ഇന്നും സേവ് മണ്ണാർക്കാടിന്റെ വനിതാ പ്രവർത്തകർ തിരക്കിലായിരുന്നു. താലൂക്ക് ആശുപത്രിയിലെ സേവ് മണ്ണാർക്കാടിന്റെ ഭക്ഷണ വിതരണത്തിന് നേതൃത്വം വഹിക്കുന്നത് അവരാണ്. വർഷങ്ങളായി തുടർന്ന് പോകുന്ന സേവ് മണ്ണാർക്കാടിന്റെ ഭക്ഷണ വിതരണം സുഗമമായി നടന്നു പോകുന്നത് വനിതാ പ്രവർത്തകരുടെ മിടുക്ക് കൊണ്ടാണെന്ന് ഭാരവാഹികൾ സാക്ഷ്യപ്പെടുത്തുന്നു. നാടിന്റെ നന്മക്കായി സേവ് മണ്ണാർക്കാട് സംഘടിപ്പിക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും വനിതാ പ്രവർത്തകരുടെ സജീവ സാന്നിധ്യം ശ്ലാഘനീയമാണെന്ന് ഭാരവാഹികൾ പറഞ്ഞു.
"പ്രതിസന്ധികൾ മറികടന്നുകൊണ്ടാണ് ഓരോ സ്ത്രീയും ജീവിതത്തിൽ മുന്നേറി വരുന്നത്. നാല് ചുവരിനുള്ളിൽ സ്ത്രീകൾ ഇരുന്നിരുന്ന കാലമൊക്കെ കടന്നുപോയിരിക്കുന്നു. ഇന്ന് മർമ്മപ്രധാന മേഖലയുടെ അമരത്ത് പോലും സ്ത്രീകളാണ്. തളിച്ചിടേണ്ടവർ അല്ല സ്ത്രീകൾ എന്ന് അവർ തെളിയിച്ചു കഴിഞ്ഞു. ഓരോ സ്ത്രീയും തങ്ങളുടെ കഴിവ് തിരിച്ചറിഞ്ഞിരിക്കുന്നു" എന്ന വനിതാ ദിനത്തിലെ സന്ദേശം പൂർണ്ണമായും ഉൾക്കൊണ്ട്, സ്ത്രീകൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് പ്രവർത്തിക്കുവാനുള്ള അവസരം നൽകി അവരെ സമൂഹത്തിന്റെ മുൻധാരയിലേക്ക് കൈപിടിച്ചു കൊണ്ട് വരുന്ന സേവ് മണ്ണാർക്കാട് ജനകീയ കൂട്ടായ്മ പോലുള്ള സംഘടനകൾക്കും കൂടി ആഘോഷിക്കുവാനുള്ളതാണ് ഇന്നത്തെ വനിതാ ദിനം