അഗളി: സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ അഗളി ബി.ആർ.സി.യുടെ നേതൃത്വത്തിൽ അട്ടപ്പാടിയിൽ പഞ്ചായത്ത് തല ഭാഷോത്സവങ്ങൾ സംഘടിപ്പിച്ചു. കുട്ടികൾക്കൊപ്പം രക്ഷിതാക്കളെയും പൊതുസമൂഹത്തേയും പഠനപ്രവർത്തനങ്ങളിൽ പങ്കാളികളാക്കുക, വായനയിൽ അടുപ്പം സൃഷ്ടിക്കുക, പൊതുവിദ്യാഭ്യാസ രംഗത്ത് അനുഗുണമായ മാറ്റങ്ങളൊരുക്കുക എന്നീ ഉദ്ദേശ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി അഗളി, പുതൂർ, ഷോളയൂർ എന്നീ പഞ്ചായത്തുകളിൽ നടത്തിയ ഭാഷോത്സവങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.
ഗോത്ര മേഖലയിലെ സാമൂഹ്യ വിഷയങ്ങളെക്കുറിച്ച് നിരവധി ലേഖനങ്ങൾ എഴുതിയ ഗോത്ര സാഹിത്യകാരനും സാമൂഹ്യ പ്രവർത്തകനുമായ കെ. എ. രാമു, 2013ൽ ഒ.വി. വിജയൻ സ്മാരക സമിതി പുരസ്ക്കാരം കരസ്ഥമാക്കിയ നാടകകൃത്തും ചെറുകഥാകൃത്തുമായ അശോകൻ രാജീവം, വിദ്യാർത്ഥിനിയും സാഹിത്യകാരിയുമായ ഐശ്വര്യ സി എന്നിവർ വിവിധയിടങ്ങളിലായി നടന്ന ശില്പശാലകൾക്ക് നേതൃത്വം നൽകി.
അഗളി ബി.ആർ.സി. ബ്ലോക്ക് പ്രൊജക്ട് കോർഡിനേറ്റർ കെ.ടി. ഭക്തഗിരീഷ് പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രോഗ്രാം കൺവീനർ എൻ. നാഗരജ് പരിപാടികൾക്ക് നേതൃത്വം നൽകി. ട്രെയിനർ എസ്. എ. സജുകുമാർ, ക്ലസ്റ്റർ കോർഡിനേറ്റർമാരായ കെ.വി. അനീഷ്, നുമി ടി അഗസ്റ്റിൻ, നിഖിൽ എം. സെഡ്. എന്നിവർ സംസാരിച്ചു.