"നന്മ" അനസിന്റെ സമയോചിതമായ ഇടപെടൽ മൂലം ഒഴിവായത് വലിയ അപകടം

മണ്ണാർക്കാട്: നന്മ ആംബുലൻസ് ഡ്രൈവർ അനസിന്റെ സമയോചിതമായ ഇടപെടൽ മൂലം ഒഴിവായത് വലിയ അപകടം.  ദേശീയപാത മണ്ണാർക്കാട് കുന്തിപുഴ സി വി ആർ ഹോസ്പിറ്റലിന് സമീപം അപകടങ്ങൾ സംഭവിക്കാൻ സാധ്യതയുള്ള തരത്തിൽ റോഡിലേക്ക് താഴ്ന്നു കിടന്ന  കേബിൾ ഉടനടി റോഡിൽ നിന്ന് മാറ്റുകയും, സോഷ്യൽ മീഡിയയുടെ സഹായത്തോടെ  ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ ഇത് പെടുത്തി അതിനൊരു പരിഹാരവും ഉണ്ടാക്കിയാണ് അനസ് നാട്ടുകാരുടെ കൈയ്യടി നേടിയത്. ഇന്ന് രാവിലെയാണ് സംഭവം കുന്തിപുഴ വഴി യാത്ര ചെയ്യവേയാണ് ഈ അപകടം അനസിന്റെ ശ്രദ്ധയിൽ പെടുന്നത്. ഉടനടി അത് റോഡിൽ നിന്നും  മാറ്റി  അപകടം ഒഴിവാക്കുക എന്നതായിരുന്നു പ്രാരംഭ ലക്ഷ്യം അത് ഒറ്റക്ക് ചെയ്യാൻ കഴിയാതെ വന്നതോടെ ആംബുലൻസിന്റെ കൂടി സഹായത്തോടെ താത്ക്കാലികമായി ഒരു വശത്തേക്ക് കേബിൾ മാറ്റി അപകടം ഒഴിവാക്കുകയായിരുന്നു.
 പിന്നീട് കൃത്യമായി കാര്യങ്ങൾ അവതരിപ്പിച്ച് അതിന്റെ വീഡിയോ എടുത്ത് നന്മ ആംബുലൻസ് വാട്സാപ്പ് ഗ്രൂപ്പിൽ അനസ് പങ്കു വെച്ചു. അത് കണ്ടതോടെ സംഭവത്തിന്റെ ഗൗരവാവസ്ഥ  ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുകയും ഉടനടി പരിഹാരം ഉണ്ടാവുകയും ചെയ്തു. 
കഴിഞ്ഞ മൂന്ന് ദിവസമായി താഴ്ന്നു തുടങ്ങിയ കേബിൾ ശരിയാക്കാൻ നേരത്തേ ഹോസ്പിറ്റലിൽ നിന്ന് വിളിച്ച് പറഞ്ഞിട്ട്  കാര്യമുണ്ടായില്ലെന്ന് അനസ്  അൽപ്പം രോഷത്തോടെയും സങ്കടത്തോടേയും മണ്ണാർക്കാട് ഓൺലൈൻ ന്യൂസിനോട് പറഞ്ഞു.  മണ്ണാർക്കാട് ടൗണിൽ നിന്ന് വരുമ്പോൾ കുന്തിപുഴ പാലം കഴിഞ്ഞുള്ള ഭാഗം ചെറിയ വളവായതിനാൽ കേബിൾ സ്വാഭാവികമായും റോഡിന് നടുവിലേക്കാണ് താഴ്ന്നു കിടക്കുക, അത് വഴി യാത്ര ചെയ്യുന്ന ബൈക്ക് യാത്രികരുടെ ശ്രദ്ധയിൽ ഇത് പെട്ടില്ലെങ്കിൽ വലിയ അപകടം സംഭവിക്കും എന്നതിൽ സംശയമില്ല.
കൂടാതെ ഇന്ന് പാലത്തിന് അപ്പുറത്ത് (മണ്ണാർക്കാട് ടൗണിലേക്കുള്ള ഭാഗം) വാഹന പരിശോധന ഉണ്ടായിരുന്നതായും അനസ് പറയുന്നു. അത് കൊണ്ട് തന്നെ ഈ അപകടം ശ്രദ്ധയിൽ പെടാതെ പോകുന്ന ബൈക്ക് യാത്രികരോട് കേബിളിന്റെ കാര്യം ആവർത്തിച്ച് ഉറക്കെ പറഞ്ഞിരുന്നതായും, അത് കൊണ്ടാണ് അത് അവിടെ നിന്ന് പെട്ടെന്ന് തന്നെ മാറ്റാൻ ആംബുലൻസ് ഉപയോഗിച്ചതെന്നും അനസ് പറഞ്ഞു.

വീഡിയോ കാണാൻ👇

ഒരു ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ പോലും പണയം വെച്ച് മരണപ്പാച്ചിൽ നടത്തുന്ന ആംബുലൻസ് ഡ്രൈവർമാർ അപകടങ്ങൾ ഇല്ലാതെ സൂക്ഷിക്കാനും സദാ ജാഗരൂകരാണ് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് അനസിന്റെ ഇന്നത്തെ കരുണയുള്ള പ്രവർത്തനം.
Previous Post Next Post

نموذج الاتصال