നെല്ലിപ്പുഴ - ആനമൂളി റോഡിലെ ടാറിങ് മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കുമെന്ന്

മണ്ണാര്‍ക്കാട്: നവീകരണ പ്രവര്‍ത്തികള്‍ നടക്കുന്ന നെല്ലിപ്പുഴ - ആനമൂളി റോഡിലെ ടാറിങ് മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കുമെന്ന് അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേരള റോഡ് ഫണ്ട് ബോര്‍ഡ് (കെ.ആര്‍.എഫ്.ബി) ഉദ്യോഗസ്ഥരുടെയും വിവിധ വകുപ്പ് പ്രതിനിധികളുടെയും യോഗത്തില്‍ തീരുമാനിച്ചു.  തെങ്കര വരെ അവശേഷിക്കുന്ന ടാറിങ് പ്രവൃത്തികള്‍ ഈ മാസം മൂന്നിന് തുടങ്ങും. തെങ്കര മുതല്‍ ആനമൂളിവരെയുള്ള നാലുകിലോമീറ്ററില്‍ രണ്ടു കിലോ മീറ്ററോളം ദൂരവും പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. മാര്‍ച്ച് പകുതിയോടെ ഇവിടേയും ടാറിങ് നടത്താനാവുമെന്ന് അധികൃതര്‍ അറിയിച്ചു.

പൊടിശല്യം പരിഹരിക്കാന്‍ ദിവസത്തില്‍ മൂന്നു നേരവും വെള്ളം നനയ്ക്കല്‍ തുടരണമെന്ന എം.എല്‍.എയുടെ നിര്‍ദേശവും അധികൃതര്‍ അംഗീകരിച്ചു. രണ്ടും മൂന്നും ഘട്ടങ്ങളായ ചുരവും, ചുരത്തിന് ശേഷം ആനക്കട്ടി വരെയുളള റോഡും അനുമതി കിഫ്ബിയില്‍ നിന്ന് ആയിട്ടുണ്ട്. അടുത്തത് ടെണ്ടര്‍ നടപടിയാണെന്നും അത് അടുത്ത ടെണ്ടര്‍ കമ്മിറ്റിയില്‍ വെക്കുമെന്നും യോഗത്തില്‍ എം.എല്‍.എ അറിയിച്ചു.  നിര്‍മാണ പ്രവൃത്തികള്‍ക്ക് തടസമായി നില്‍ക്കുന്ന രണ്ടുമരങ്ങള്‍ ഉടന്‍ നീക്കം ചെയ്യാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. മരം കരാര്‍ ഏറ്റെടുത്ത വ്യക്തിയുമായി ബന്ധപ്പെട്ട് രണ്ടുദിവസത്തിനുള്ളില്‍ പരിഹാരമുണ്ടാക്കാമെന്ന് എം.എല്‍.എ അറിയിച്ചു. അവശേഷിക്കുന്ന മരങ്ങള്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നില്ലെങ്കിലും പുതിയ ദര്‍ഘാസ് ഉടന്‍ പൂര്‍ത്തിയാക്കാനും മരങ്ങള്‍മുറിച്ചുനീക്കംചെയ്യാനും കെ.ആര്‍.എഫ്.ബി ഉദ്യോഗസ്ഥരോടും പറഞ്ഞു. 
വൈദ്യുതി തൂണുകള്‍, രണ്ട് ട്രാന്‍സ്ഫോര്‍മറുകള്‍ എന്നിവ മാറ്റാനുള്ള നടപടി സ്വീകരിക്കാന്‍ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടു. ആവശ്യമായ സഹായങ്ങള്‍ ചെയ്തു നല്‍കുമെന്ന് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കി. ആനമൂളിക്കടുത്തുള്ള 33 കെ.വി.യുടെ എച്ച്.ടി ലൈനും തൂണും നീക്കം ചെയ്യുന്നതിന്‍റെ ഭാഗമായി കെ.എസ്.ഇ.ബി മുമ്പ് സമര്‍പ്പിച്ച് 24 ലക്ഷംരൂപയുടെ എസ്റ്റിമേറ്റ് തുകയില്‍ അംഗീകാരം നല്‍കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാനും കെ.ആര്‍.എഫ്.ബി ഉദ്യോഗസ്ഥരോട് എം.എല്‍.എ ആവശ്യപ്പെട്ടു. കെ.ആര്‍.എഫ്.ബി എക്സി. എഞ്ചിനീയര്‍ കെ.എ ജയ, അസി. എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അനീഷ്, അസി. എഞ്ചിനീയര്‍ രംഗസ്വാമി, കെ.എസ്.ഇ.ബി മണ്ണാര്‍ക്കാട് ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്സി. എഞ്ചിനീയര്‍ എസ്.മൂര്‍ത്തി, കരാര്‍ കമ്പനി പ്രതിനിധികളായ മുഹമ്മദ് ഷാഫി, കെ. അഖില്‍, സനീഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

Previous Post Next Post