മണ്ണാർക്കാട്: മനുഷ്യ ജീവന് പോലും ഭീഷണിയായ മുക്കണ്ണം ഭാഗത്തെ രൂക്ഷമായ കാട്ടുപന്നിശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ജനകീയക്കൂട്ടായ്മ മണ്ണാർക്കാട് ഡി.എഫ്.ഒ.യെ സമീപിച്ചു. മണ്ണാർക്കാട് - കോങ്ങാട്-ടിപ്പുസുൽത്താൻ റോഡിൽ മുക്കണ്ണം ഭാഗത്ത് കാട്ടുപന്നികൾ റോഡിന് കുറുകെ ചാടിയതു കാരണമുണ്ടായ അപകടത്തിൽപ്പെട്ട് രണ്ടു പേർ മരിച്ചിരുന്നു. രാത്രിയും പകലും വ്യത്യാസമില്ലാതെ ഈ ഭാഗത്ത് കാട്ടുപന്നികളുടെ സാന്നിധ്യമുണ്ട്. നൊട്ടൻമല, പാതാക്കരമല ഭാഗങ്ങളിലാണ് ഇവ തമ്പടിക്കുന്നത്. കുന്നിൻമുകളിലുള്ള സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളിൽ വളർന്നുനിൽക്കുന്ന കാട് വെട്ടിത്തെളിക്കണമെന്നും കാട്ടുപന്നികളെ വെടിവെച്ചു കൊല്ലണമെന്നും ജനകീയക്കൂട്ടായ്മ ഭാരവാഹികൾ ആവശ്യപ്പെട്ടു. കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള അധികാരം തദ്ദേശസ്ഥാപനങ്ങൾക്കാണെന്നും നഗരസഭാധികൃതരുമായി അടിയന്തരമായി ബന്ധപ്പെടാനും ഡി.എഫ്.ഒ. സി. അബ്ദുൾ ലത്തീഫ് നിർദേശം നൽകി.