‘ഗയ്സ് എനിക്ക് ഒന്ന് ഉറങ്ങണം..’; മുറി പൂട്ടി രണ്ടു വയസുകാരിയുടെ ഉറക്കം, പരിഭ്രാന്തരായി വീട്ടുകാർ! പൂട്ട് തകർത്ത് അഗ്നിരക്ഷാസേന

മുറിക്കുള്ളില്‍ കയറി വാതിലും പൂട്ടി രണ്ടു വയസ്സുകാരി സുഖമായി കിടന്നുറങ്ങി, പരിഭ്രാന്തരായി വീട്ടുകാരും. കോട്ടയം കാഞ്ഞിരപ്പള്ളിയിലാണ് സംഭവം. കുട്ടി മുറിക്കുള്ളില്‍ കയറി വാതില്‍ പൂട്ടുകയായിരുന്നു. കുറച്ചുസമയം കഴിഞ്ഞ് വീട്ടുകാര്‍ വന്നു നോക്കുമ്പോള്‍ കതക് ഒരുതരത്തിലും തുറക്കാനാവുന്നില്ല. ഇതോടെ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു.

കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് സംഭവം. മുറി പൂട്ടി കുട്ടി കട്ടിലിൽ കയറിക്കിടന്ന് സുഖമായുറങ്ങുകയായിരുന്നു. കതക് തുറക്കാനാകാതെ വന്നതോടെ കുട്ടിയുടെ അച്ഛന്‍ നേരിട്ട് കാഞ്ഞിരപ്പളളി അഗ്നിരക്ഷാസേനയുടെ ഓഫീസിലെത്തി വിവരം അറിയിക്കുകയായിരുന്നു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ നൗഫൽ പി.എയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തി മുറിയുടെ പൂട്ട് തകർത്ത് അകത്ത് കയറി.

ഇത്രയും സംഭവങ്ങള്‍ നടക്കുമ്പോഴും കുട്ടി സുഖമായുറങ്ങുകയായിരുന്നു. അമ്മ വന്നെടുത്തപ്പോൾ മാത്രമാണ് കുട്ടി ഉറക്കമുണർന്നത്. കഴിഞ്ഞ ദിവസം പാറത്തോട്ടിലും സമാന രീതിയിൽ രണ്ടര വയസുള്ള കുട്ടി മുറിക്കുള്ളിൽ കയറി വാതിൽ പൂട്ടിയിരുന്നു. അന്നും ഫയർഫോഴ്സ് എത്തി പൂട്ട് പൊളിച്ചാണ് കുട്ടിയെ പുറത്തെത്തിച്ചത്. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ആനന്ദ് വിജയ്, എം.കെ സജുമോൻ, അരവിന്ദ് എസ്.എസ്, ശരത്ചന്ദ്രൻ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
Previous Post Next Post

نموذج الاتصال