പാലക്കാട്: വയറെരിയുന്നവരുടെ മിഴി നനയാതിരിക്കാൻ എന്ന സന്ദേശവുമായി ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിൽ ആരംഭിച്ച ഹൃദയപൂർവം പദ്ധതി അഞ്ചു വർഷം പിന്നിട്ടു. 17.32 ലക്ഷം പൊതിച്ചോറാണ് 5 വർഷത്തിനുള്ളിൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ ഡിവൈഎഫ്ഐ വിതരണം ചെയ്തത്. 1,865 ദിവസങ്ങൾ 17,32,950 പൊതി സ്നേഹം. ഞങ്ങളെന്നും ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നൽകുന്നു യുവത്വം.
കഴിഞ്ഞ അഞ്ചുവർഷമായി വിശക്കുന്നവരെ ഹൃദയത്തോട് ചേർത്ത് വച്ച് അന്നമൂട്ടുകയാണ് പാലക്കാട്ടെ ഡിവൈഎഫ്ഐ പ്രവർത്തകർ. ഒരു ദിവസം പോലും മുടങ്ങാതെ ബ്ലോക്ക് കമ്മിറ്റികളുടെയും മേഖലാ കമ്മിറ്റികളുടെയും നേതൃത്വത്തിൽ യൂണിറ്റുകളിൽ നിന്ന് ശേഖരിച്ച പൊതിച്ചോർ ആശുപത്രികളിലുള്ള രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഡിവൈഎഫ്ഐ പ്രവർത്തകർ എത്തിച്ചു നൽകി. ലളിതമായ ചടങ്ങോടെ പാലക്കാട് ജില്ലാ ആശുപത്രി അങ്കണത്തിൽ നടന്ന അഞ്ചാം വാർഷികാഘോഷം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ സി റിയാസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ ജയദേവൻ അധ്യക്ഷനായ ചടങ്ങിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം എം എ ജിതിൻ രാജ്, വിനോദ് കുമാർ, വിപിൻ എന്നിവർ സംസാരിച്ചു.
ജില്ലാ ആശുപത്രിയിൽ മാത്രമല്ല, ആലത്തൂർ, ചിറ്റൂർ, മണ്ണാർക്കാട് താലൂക്ക് ആശുപത്രികളിലും ഡി വൈ എഫ് ഐ പൊതിച്ചോർ വിതരണം ചെയ്യുന്നുണ്ട്. ഇതു കൂടാതെ രക്തദാനവും ചികിത്സ സാഹയവും ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നടത്തി വരുന്നുണ്ട്.