ചുങ്കത്ത് കടകളുടെ ഷട്ടര്‍ കുത്തിതുറന്ന് കവര്‍ച്ചപൊലിസ് അന്വേഷണം തുടങ്ങി

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ചുങ്കത്ത് രണ്ട് കടകളില്‍ മോഷണം. പണം നഷ്ടമായി. കെ.പി.ബേക്കറിയിലും, യു.കെ മെഡിക്കല്‍സിലുമാണ് മോഷണം നടന്നത്. ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. മുഖം മൂടി ധരിച്ചെത്തിയ മോഷ്ടാവ് കമ്പിപാര ഉപയോഗിച്ച് ബേക്കറിയുടെ ഷട്ടറിന്റെ പൂട്ട് പൊളിക്കുന്നത് സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഞായറാഴ്ച രാവിലെ കടതുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്നത് അറിയുന്നത്. തുടര്‍ന്ന് ബേക്കറി ഉടമ അഷ്‌റഫ് പൊതിയിലും , മെഡിക്കല്‍ ഷോപ്പിലെ കെ. ഉണ്ണികൃഷ്ണനും പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. പൊലിസെത്തി പരിശോധന നടത്തി സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചു. ഇന്ന് വൈകിട്ടോടെ വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലിസ് അറിയിച്ചു.  ചെറിയ തുകയാണ് കടകളില്‍  നിന്നും നഷ്ടപ്പെട്ടിട്ടുള്ളത്. അതേസമയം കുറച്ചു നാളുകള്‍ക്ക് ശേഷം മോഷ്ടാക്കള്‍ വീണ്ടും തലപൊക്കുന്നത് വ്യാപാരികളെയും ജനങ്ങളേയും ഒരുപോലെ ആശങ്കപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ദിവസം മണ്ണാര്‍ക്കാട് അരയങ്ങോട് താഴത്തേതില്‍ വീട്ടില്‍ ശശിധരന്റെ വീട്ടില്‍ നിന്നും 20000 രൂപയും അരപവന്‍ സ്വര്‍ണാഭരണവും നഷ്ടപ്പെട്ടതായി പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ അന്വേഷണം നടത്തുന്നുണ്ട്. പൊലിസിന്റെ രാത്രികാല പട്രോളിംങ് കൂടുതല്‍ ശക്തമാക്കുമെന്നും മഫ്തിയിലും പട്രോളിംങ് നടത്തുമെന്നും മണ്ണാര്‍ക്കാട് എസ്.ഐ വി.വിവേക് അറിയിച്ചു.
Previous Post Next Post

نموذج الاتصال