മണ്ണാര്‍ക്കാട്: ബൈക്ക് പിന്തുടർന്ന് തടഞ്ഞുനിര്‍ത്തി യുവാവിനെ കല്ലുകൊണ്ട് കുത്തിയും, മർദ്ദിച്ചും പരിക്കേൽപ്പിച്ച് ഒളിവിൽ പോയ അഞ്ച് പേരെ മണ്ണാർക്കാട് പോലീസ് ബാംഗ്ലൂരിൽ നിന്ന് പിടികൂടി. പെരിമ്പടാരി സ്വദേശികളായ കളത്തില്‍ വീട്ടില്‍ ഫായിസ് (23), പൂളക്കത്തൊടി വീട്ടില്‍ ഫിയാസ് (23), മേലേതില്‍ വീട്ടില്‍ സിയാദ് (23), കോട്ടോപ്പാടം സ്വദേശികളായ കുന്നത്ത് വീട്ടില്‍ നസറുദ്ദീന്‍ (25), കൊത്തളത്തില്‍ വീട്ടില്‍ അനീഷ് (24), എന്നിവരാണ് അറസ്റ്റിലായത്.
തെങ്കര കൊറ്റിയോട് വൈശ്യന്‍ വീട്ടില്‍ ഉക്കാഷ്(25) ന്റെ പരാതിയിലാണ് അറസ്റ്റ്. ഇക്കഴിഞ്ഞ എട്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം. ഉച്ചയ്ക്ക് ഉക്കാഷ് ബൈക്കില്‍ സഞ്ചരിക്കവെ ഫോണിലൂടെ സുഹൃത്തിനെ അസഭ്യം പറഞ്ഞത് അതുവഴി കടന്നുപോയ പ്രതികൾ അത് തങ്ങളെയാണെന്ന് തെറ്റിദ്ധരിച്ച് ഉക്കാഷും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് പിന്തുടരുകയും വെള്ളാരംകന്ന് ബസ് സ്റ്റോപ്പിന് മുന്നില്‍വച്ച് ബൈക്ക് തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നുവെന്നാണ് കേസ്. ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദിന്റെ നിര്‍ദേശ പ്രകാരം മണ്ണാര്‍ക്കാട് ഡിവൈ.എസ്.പി. സുന്ദരന്റെ മേല്‍നോട്ടത്തില്‍ സി.ഐ. എ. ഹബീബുള്ളയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഞായറാഴ്ച ബാംഗ്ലൂരില്‍നിന്നാണ് പ്രതികളെ പിടികൂടിയത്. എസ്.ഐ. അജാസുദ്ദീന്‍, സീനിയര്‍ സിവില പോലീസ് ഓഫീസര്‍ ഗിരിഷ്, സ്മിജേഷ്, റംഷാദ്, കൃഷ്ണ കുമാര്‍, മുബാറക്ക് അലി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. വകുപ്പ് 307 പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.