മണ്ണാർക്കാട്: ആശുപത്രിപ്പടി ഭാഗത്ത് ഷോപ്പിങ് കോംപ്ലക്സിൽ നിർത്തിയിട്ട കാർ വേഗത്തിൽ പിന്നിലേക്കുരുണ്ടത് യാത്രക്കാരെ ഭീതിയിലാക്കി. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്. ദേശീയപാതയ്ക്ക് സമാന്തരമായുള്ള രജിസ്ട്രാർ ഓഫീസ്-താലൂക്ക് ആശുപത്രി ലിങ്ക് റോഡിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.17-നാണ് സംഭവം. വാഹന ഉടമ കാർ നിർത്തിയിട്ട് പുറത്തേക്കിറങ്ങിയ സമയത്താണ് കാർ പിന്നിലേക്ക് ഉരുണ്ടത്. റോഡിന്റെ ഇറക്കമുള്ള ഭാഗത്തായതിനാൽ കാർ വേഗതയിൽ വരികയും റോഡിന് മറുവശത്ത് നിർത്തിയിട്ട ബൈക്കിലിടിക്കുകയും ചെയ്തശേഷം മതിലിലിടിച്ച് നിൽക്കുകയായിരുന്നു. വാഹനം നിർത്തിയിട്ട് പോകുമ്പോൾ ഹാൻഡ് ബ്രേക്ക് ഇടാൻ മറക്കരുത് എന്ന് ഇവിടെയുള്ള വ്യാപാരികൾ ഓർമ്മിപ്പിച്ചു കൊണ്ടേ ഇരിക്കുന്ന കാര്യമാണ്. അതില്ലെങ്കിൽ ഗിയറിൽ എങ്കിലും നിർത്തി പോകണമെന്നത് ഡ്രൈവർമാർ മറന്ന് പോകുന്നതിനാൽ ഇവിടെ ഇതിന് മുമ്പും ഇത്തരത്തിൽ ഉള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്
ഈസമയം മറ്റൊരു ബൈക്ക് യാത്രികൻ റോഡിലൂടെ കടന്നുപോയെങ്കിലും അപകടത്തിൽപ്പെടാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കാൽനടയാത്രക്കാരും വിവിധ ഇരുചക്ര വാഹന യാത്രികരും ഉൾപ്പെടെ സഞ്ചരിക്കുന്ന തിരക്കേറിയ ലിങ്ക് റോഡാണ് അപകടമുണ്ടായത്.