'പകുതി വിലക്ക് സ്കൂട്ടർ, തയ്യൽ മെഷീൻ, ഗൃഹോപകരണങ്ങൾ'; തട്ടിപ്പിനിരയായവരിൽ മണ്ണാർക്കാട്ടുകാരും

മണ്ണാർക്കാട്: പകുതിവിലയ്ക്ക് ഇരുചക്രവാഹനവും ലാപ്‌ടോപ്പും, ഗൃഹോപകരണങ്ങളും നല്‍കാമെന്ന വാഗ്ദാനത്തില്‍ കുടുങ്ങിയവരിൽ മണ്ണാർക്കാട്ടുകാരും. പാലക്കാട് ജില്ലയിലെ പത്തിലേറെ സന്നദ്ധ സംഘടനകളാണ് തട്ടിപ്പിനിരയായത്. ഇതിൽ  ശ്രീകൃഷ്ണപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട കടമ്പഴിപ്പുറം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകൾ വഴിയാണ് കൂടുതൽ മണ്ണാർക്കാട്ടുകാരും പണമടച്ചത്. സ്കൂട്ടറിനും, ഗൃഹോപകരണങ്ങൾ, തയ്യൽ മെഷീൻ, ലാപ്ടോപ്പ് എന്നിവയ്ക്കാണ് പണമടച്ചത്. കബളിക്കപ്പെട്ടവർ ശ്രീകൃഷ്ണപുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതായാണ് വിവരം. 

കടമ്പഴിപ്പുറം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘടനകൾ 653 സ്‌കൂട്ടറുകള്‍ക്കായി പണമടച്ചു. ഇതില്‍ 173 സ്‌കൂട്ടറുകള്‍ ലഭിച്ചു. 450 സ്‌കൂട്ടറുകള്‍ ഗുണഭോക്താക്കള്‍ക്ക് ഇനിയും ലഭിക്കാനുണ്ട്. പണം നല്‍കി മാസങ്ങള്‍ പിന്നിട്ടിട്ടും സ്‌കൂട്ടര്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ സി.എസ്.ആര്‍ ഫണ്ട് മുടങ്ങിയിരിക്കയാണെന്ന മറുപടിയാണ് അനന്തുകൃഷ്ണനില്‍ നിന്ന് ലഭിച്ചതെന്നാണ് സംഘടനകളുടെ ഭാരവാഹികള്‍ പറയുന്നത്. നാട്ടുകല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട അലനല്ലൂര്‍ ഭാഗങ്ങളിലും തയ്യല്‍ മെഷീന്‍ ആവശ്യപ്പെട്ട് നിരവധി ആളുകള്‍ പണം അടച്ചിട്ടുണ്ട്. കുറച്ച് ആളുകള്‍ക്ക് മാത്രമാണ് ലഭിച്ചിട്ടുള്ളത്. ലാപ്‌ടോപ്പിന് പണം അടച്ചവരുമുണ്ട്. വിവിധ പ്രദേശങ്ങളില്‍ സൊസൈറ്റികള്‍ക്ക് രൂപം നല്‍കി കോര്‍ഡിനേറ്റര്‍മാരെ നിയോഗിച്ച് അവര്‍ വഴിയാണ് പദ്ധതിയിലേക്ക് ആളുകളെ ചേര്‍ത്തതെന്നും പണം പിരിച്ചതെന്നുമാണ് വിവരം. സ്‌കൂട്ടര്‍, തയ്യല്‍ മെഷീന്‍, ഗൃഹോപകരണങ്ങള്‍ എന്നിവ പകുതി വിലയ്ക്ക് നല്‍കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.  ആദ്യം ചേര്‍ന്നവര്‍ക്ക് മാത്രം തയ്യല്‍ മെഷീനും മറ്റും നല്‍കിയിരുന്നു. ഇത് കണ്ടാണ് കൂടുതല്‍ ആളുകള്‍ ആകൃഷ്ടരായത്. 50 ശതമാനം ഗുണഭോക്തൃ വിഹിതമടച്ച് രണ്ടായിരത്തോളം പേരാണ് സ്‌കൂട്ടറിനായി ജില്ലയില്‍ പലയിടങ്ങളിലായി കാത്തിരിക്കുന്നത്.

ജനങ്ങളെ ചൂഷണം ചെയ്തത് വിശ്വാസ്യത

പാതിവിലയ്ക്ക് ഇരുചക്ര വാഹനം, തയ്യൽ മെഷീൻ, ലാപ്ടോപ്, ഗൃഹോപകരണങ്ങൾ’ ഇടത്തരക്കാരന്റെ മനസ്സിൽ തട്ടുന്ന വാഗ്ദാനം. ആ വാഗ്ദാനത്തിന്റെ ചൂണ്ടയിലാണ് അനന്തു കൃഷ്ണൻ ഇരകളെ കുരുക്കിയത്. പദ്ധതി ജനങ്ങളെ ആകർഷിച്ചു. വിശ്വാസ്യതയുണ്ടെന്നു വരുത്താൻ ജന പ്രതിനിധികളെ സമർഥമായി ഉപയോഗിച്ചു.

ആദ്യമൊക്കെ പണം വാങ്ങി ഒരു മാസത്തിനകം ഇരുചക്ര വാഹനങ്ങളും മറ്റും വിതരണം ചെയ്തു. വിതരണോദ്ഘാടനം വലിയ പ്രചാരണം നൽകിയാണ് സംഘടിപ്പിച്ചത്. എംഎൽഎ, എംപി, പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവരെല്ലാം ചടങ്ങുകളിൽ പങ്കെടുത്തു. ആദ്യ ഘട്ടത്തിൽ ഉൽപന്നങ്ങൾ ലഭിച്ച വരെ രണ്ടും മൂന്നും ഘട്ടത്തിൽ വലിയ പ്രചാരകരാക്കി മാറ്റി. 

വിതരണോദ്ഘാടനത്തിനു ജനപ്രതിനിധികൾ എത്തിയതോടെ തട്ടിപ്പിന് ആധികാരികതയുടെ പരിവേഷമുണ്ടായി. രണ്ടാംഘട്ട തട്ടിപ്പിന് അനന്തുവിനു വേണ്ടതും ഇതു തന്നെയായിരുന്നു.

സംസ്ഥാനമാകെ നടന്ന പാതി വില തട്ടിപ്പിൽ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തു. മുഖ്യ പ്രതി അനന്തു കൃഷ്ണൻ്റെ പേരിൽ 19 ബാങ്ക് അക്കൗണ്ടുകൾ ഉള്ളതായി പൊലീസ് കണ്ടെത്തി. ഇതുവഴി 450 കോടി രൂപയുടെ ഇടപാട് നടന്നതായാണ് പ്രാഥമിക വിലയിരുത്തൽ. 2 കോടി രൂപ പ്രതി ഭൂമി വാങ്ങാൻ ഉപയോഗിച്ചു. സഹോദരിയുടെ പേരിലും സഹോദരിയുടെ ഭർത്താവിൻ്റെ പേരിലും ഭൂമി വാങ്ങി. ചോദ്യം ചെയ്യലിനോട് അനന്ദു സഹകരിക്കുന്നില്ല. അതിനിടെ അനന്ദുവിൻ്റെ കാറും ഓഫീസിലെ രേഖകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

തട്ടിപ്പിൽ ഇഡി പ്രാഥമിക വിവര ശേഖരണം നടത്തി. തട്ടിപ്പിലൂടെ അനന്തു കൃഷ്ണൻ സ്വന്തമാക്കിയ പണം വിദേശത്തേക്ക് കടത്തിയെന്നും സംശയം ഉണ്ട്. കേസായതോടെ വിദേശത്തേക്ക് കടക്കാൻ അനന്തു കൃഷ്ണൻ ശ്രമിച്ചെന്ന വിവരവും പൊലീസിന് കിട്ടി. അനന്തു കൃഷ്ണനെ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും. കേരളത്തിൽ സമീപകാലത്ത് ഒന്നും ഇത്രയധികം സ്ത്രീകൾ ഒന്നിച്ച് സാമ്പത്തികമായി വഞ്ചിക്കപ്പെട്ട കേസ് ഉണ്ടായിട്ടില്ല.  
Previous Post Next Post

نموذج الاتصال