പുലി ആടുകളെയും പശുക്കിടാവിനെയും കൊന്നു

അഗളി: അട്ടപ്പാടിയിൽ രണ്ടിടങ്ങളിൽ പുലി വളർത്തുമൃഗങ്ങളെ കൊന്നു. പുതൂർ പഞ്ചായത്തിൽ കുളപ്പടി ഊര്, അഗളി ടൗണിനടുത്ത് പൂവാത്താൾ കോളനി എന്നിവിടങ്ങളിലാണ് സംഭവം. കുളപ്പടി ഊരിലെ പക്കിയുടെ രണ്ട് ആടുകളെ പുലി കൊന്നു. മറ്റു രണ്ടാടുകൾക്ക് പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ മേയാൻ വിട്ട ആടുകൾ വൈകീട്ട് തിരിച്ചെത്തിയപ്പോഴാണ് രണ്ടാടുകളെ കൊന്നതായും ഒരാടിന്റെ മുഖത്തും മറ്റൊരാടിന്റെ വയറിലും പുലി കടിച്ചതായും കണ്ടെത്തിയത്. പുലി ആക്രമിച്ചതായി വനംവകുപ്പ് സ്ഥിരീകരിച്ചു.

അഗളി പൂവാത്താൾ കോളനിയിൽ തങ്കരാജിന്റെ ഒന്നര വയസ്സുള്ള പശുക്കിടാവിനെയാണ് പുലി പിടിച്ചത്. പകുതി തിന്നനിലയിലാണ്. വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. കുളപ്പടിക, ആനക്കല്ല്, പൂവാത്താൾ കോളനി എന്നീ സ്ഥലങ്ങളിലെ 20 ഓളം ആടുകളെയും ആറ് പശുക്കളെയും ഒരു വർഷത്തിനിടെ പുലി കൊന്നിട്ടുണ്ട്. പൂവാത്താൾ കോളനിക്ക് സമീപമാണ് അഗളി സാമൂഹികാരോഗ്യകേന്ദ്രവും 2,000-ത്തോളം വിദ്യാർഥികൾ പഠിക്കുന്ന അഗളി ജി.വി.എച്ച്.എസ്. സ്കൂളുമുള്ളത്. പുലി ഇരുട്ടുന്നതിനുമുൻപ് ജനവാസമേഖലയിലെത്തിയതോടെ ഏറെ ഭീതിയിലാണ് പ്രദേശവാസികൾ. പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Previous Post Next Post

نموذج الاتصال