🔲 ഭീമനാട് 55-ാം മൈൽ റോഡിന്റെ സംരക്ഷണ ഭിത്തി തകർന്നത് അപകട ഭീഷണിയായി. ചേപ്പിലായി തോടിനു സമീപത്തായി ഉയർത്തി കെട്ടിയ സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗമാണ് തകർന്നിട്ടുള്ളത്. കഴിഞ്ഞ ദിവസമാണ് ഇത് നാട്ടുകാരുടെ ശ്രദ്ധയിൽ പെടുന്നത്. തുടർന്ന് പിഡബ്ല്യുഡി അധികൃതർ ഈ ഭാഗത്ത് അപായ സൂചന സ്ഥാപിച്ചിട്ടുണ്ട്. ഈ ഭാഗത്ത് ഏകദേശം ഇരുപത് അടിയോളം ഭാഗത്ത് റോഡിനു വിള്ളലും വീണിട്ടുണ്ട്.
🔲 പാലക്കാട് ജില്ലയിലെ 85 റോഡുകൾ നവീകരിക്കാൻ അടിയന്തര നടപടിയുമായി പൊതുമരാമത്ത് വകുപ്പ്. 4.82 കോടി രൂപ ചെലവഴിക്കാൻ അനുമതിയായി. ആലത്തൂർ, തൃത്താല, പാലക്കാട്, കുഴൽമന്ദം, മണ്ണാർക്കാട് മേഖലയിലെ റോഡുകളാണ് നവീകരിക്കുന്നത്. മണ്ണാർക്കാട് മേഖലയിൽ വർഷകാലത്ത് തകർച്ച നേരിട്ട ഏഴ് റോഡുകളാണ് കണ്ടെത്തിയിട്ടുള്ളത്. ഇവയിലുൾപ്പെടുന്ന 30.5 കിലോമീറ്റർ ദൂരത്ത് അറ്റകുറ്റപ്പണി ആവശ്യമായി വരും. ഇതിന് 55 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്. പാലക്കാട് മേഖലയിൽ അഞ്ച് റോഡുകൾക്കാണ് കേടുള്ളത്. ഇവിടെ മൊത്തം 26.095 കിലോമീറ്റർ ദൂരത്തിൽ റീടാർ അടക്കമുള്ള ജോലി പൂർത്തിയാക്കേണ്ടതുണ്ട്. 24.91 ലക്ഷം രൂപ പണികൾക്കായി നീക്കിവെച്ചിട്ടുള്ളതായും അധികൃതർ പറഞ്ഞു.
🔲 ഓണത്തിരക്ക് നിയന്ത്രിക്കാൻ മലമ്പുഴ പാർക്കിലും പരിസരത്തും പോലീസ് നിയന്ത്രണമേർപ്പെടുത്തി. ശനിയാഴ്ചമുതൽ പാർക്കിലെ ഡ്യൂട്ടിക്ക് പ്രത്യേകം പോലീസുകാരെ ഏർപ്പെടുത്തിയിട്ടുണ്ട്. മന്തക്കാട് മുതൽ ഫാന്റസി പാർക്കിനുമുന്നിൽ വരെ പ്രത്യേക പട്രോളിങ് ഏർപ്പെടുത്തി. മലമ്പുഴപാർക്കിന് മുമ്പിലും തെക്കേ മലമ്പുഴ, കവ, ആനക്കല്ല് ഭാഗങ്ങളിലും ബൈക്ക് പട്രോളിങ്ങും ജീപ്പ് പട്രോളിങ്ങും ഉണ്ടാകും.
🔲 പട്ടാമ്പി ഭാരതപ്പുഴയോരത്തെ പാർക്കിന്റെ രണ്ടാംഘട്ട നിർമാണം പൂർത്തിയാക്കി നവംബർ അവസാനത്തോടെ തുറക്കാനാകുമെന്ന് മുഹമ്മദ് മുഹസിൻ പട്ടാമ്പി നഗരസഭയിൽ നിളയുടെ തീരത്ത് എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിലാണ് പാർക്ക് നിർമിക്കുന്നത്.
🔲 ഗുപ്തൻ സേവന സമാജം പെരിമ്പടാരി യൂണിറ്റ് ഓണാഘോഷം മണ്ണാർക്കാട് നഗരസഭ ചെയർമാൻ സി.മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് കെ.ടി.രവി അധ്യക്ഷനായി. സംസ്ഥാന സംഘടന സെക്രട്ടറി എൻ.വി.രാജീവൻ, സംസ്ഥാന രക്ഷാധികാരി ഗോപിനാഥ ഗുപ്തൻ ,മേഖല പ്രസിഡന്റ് രാമചന്ദ്രഗുപ്തൻ , വൈസ് പ്രസിഡന്റ് കൃഷ്ണദാസ് കൃപ, ട്രഷറർ കൃഷ്ണകുമാർ , വനിത വിംഗ് അധ്യക്ഷ വിജയലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു. ശ്രീപാദം ടീമിന്റെ തിരുവാതിരയും മറ്റു കലാ പരിപാടികളും അരങ്ങേറി.
🔲 ബസ് സ്റ്റാൻഡിൽനിന്ന് കളഞ്ഞുകിട്ടിയ 50,000 രൂപ ഉടമയെ തിരിച്ചേൽപ്പിച്ച് 88 വയസ്സുകാരൻ. ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസിനു സമീപം കൈരളിയിൽ ഗോപാലകൃഷ്ണനന് കഴിഞ്ഞ മൂന്നിന് രാവിലെയാണ് തുക വഴിയരികിൽ നിന്ന് കിട്ടിയത്. പണം ഡി.വൈ.എസ്.പി. ഓഫീസിൽ ഏൽപ്പിക്കുകയായിരുന്നു.പണത്തിന്റെ ഉടമയായ പാലക്കാട് പുതുപ്പരിയാരം സ്വദേശി ഹംസയെ കണ്ടെത്തുകയും, ഗോപാലകൃഷ്ണനേയും, ഹംസയേയും പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പണം ഹംസയ്ക്കു കൈമാറി
🔲 ഐശ്വര്യത്തിന്‍റെയും സമൃദ്ധിയുടെയും പ്രതീകമായി വീണ്ടുമൊരു പൊന്നോണം. പൂവിളികളുമായി ഓണത്തെ വരവേല്‍ക്കാന്‍ വേണ്ടതെല്ലാം ഒരുക്കുന്ന അവസാനവട്ട തിരക്കിലാണ് മലയാളികള്‍. ഓണഘോഷത്തിന്‍റെ ഒന്‍പതാംനാളായ ഉത്രാടദിനത്തില്‍ ഉപ്പേരിവറുക്കലും അച്ചാറുണ്ടാക്കലും മറ്റുമായി തകൃതിയിലാണ് കേരളത്തിലെ വീടുകള്‍.അശ്വതി മുതല്‍ രേവതി വരെയുള്ള നക്ഷത്രങ്ങളില്‍ 21 -ാ മത്തെ നക്ഷത്രമാണ് ഉത്രാടം. എല്ലാ മാസത്തിലും ഈ നക്ഷത്രങ്ങളൊക്കെ കടന്നു വരുന്നുണ്ടെങ്കിലും ചിങ്ങത്തിലെ ഉത്രാടം മുതല്‍ ഉത്രട്ടാതി വരെയുള്ള ദിവസങ്ങള്‍ മലയാളികളെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ളതാണ്. മരച്ചീനിയും വാഴക്കയും വറുക്കുന്ന ദിനമാണ് ഉത്രാടം. ഏത്തയ്ക്ക അക്കാലത്ത് വിലകൂടിയ വിഭവമായിരുന്നു. ഓണത്തിനുവേണ്ടിയും പിടിയരിച്ചിട്ടി, ഓണച്ചിട്ടി എന്നൊക്കെ പേരിലുള്ള സമ്പാദ്യം ഉണ്ടായിരുന്നു. അതെല്ലാം അമ്മമാരുടെ ഓണത്തിനു വേണ്ടിയുള്ള കരുതലുകളാണ്. ഉത്രാടപ്പകല്‍ ഓടി നടന്നു പല സാധനങ്ങളും സംഘടിപ്പിച്ചു വയ്ക്കും. ഉത്രാട രാത്രി മുഴുവന്‍ ഉപ്പേരിയും അച്ചാറുമടക്കം ഓണസദ്യയ്ക്കുള്ള വിഭവങ്ങള്‍ തയ്യാറാക്കുന്നതിന്‍റെ തിരക്കില്‍ ശബ്‌ദമുഖരിതമായിരിക്കും ഓരോവീടിന്‍റെയും അടുക്കള.