സായാഹ്ന വാർത്തകൾ2024 | സെപ്റ്റംബർ 13 | വെള്ളി

🔲 അന്തരിച്ച സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം നേതാക്കളും കുടുംബവും എയിംസിൽ നിന്ന് ഏറ്റുവാങ്ങി. പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, എം എ ബേബി എന്നിവർ ആശുപത്രിയിൽ എത്തിയിരുന്നു. ഭൗതികദേഹം ജെഎൻയുവിൽ പൊതുദർശനത്തിന് വെച്ചു. നാളെയാണ് ഡൽഹി എകെജി ഭവനിലെ പൊതുദർശനം. രാവിലെ 11 മണി മുതൽ വൈകിട്ട് 3 മണി വരെയാണ് പൊതുദർശനം നിശ്ചയിച്ചിരിക്കുന്നത്. ഇതിന് ശേഷം മൃതദേഹം ഡൽഹി എയിംസ് ആശുപത്രിയുടെ അനാട്ടമി വിഭാഗത്തിന് കൈമാറും.

🔲 ദില്ലി മദ്യനയ അഴിമതി കേസിൽ തീഹാര്‍ ജയിലിൽ കഴിഞ്ഞിരുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്​രിവാൾ ജയിൽമോചിതനായി. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചതോടെയാണ് മോചനം സാധ്യമായിരിക്കുന്നത്. തീഹാര്‍ ജയിലിന് പുറത്ത് വൻ സ്വീകരണമൊരുക്കിയാണ് ആം ആദ്മി പ്രവർത്തകർ കെജ്രിവാളിനെ സ്വീകരിക്കാനെത്തിയത്. കരഘോഷത്തോടെയാണ് പ്രവര്‍ത്തകര്‍ കെജ്രിവാളിനെ വരവേറ്റത്. എത്ര തകര്‍ക്കാന്‍ ശ്രമിച്ചാലും തകരില്ലെന്നായിരുന്നു ജയിലിന് പുറത്തെത്തിയ കെജ്രിവാളിന്‍റെ ആദ്യപ്രതികരണം.

🔲 തിരുവോണത്തിന് പണിമുടക്ക് നടത്തുമെന്ന് അറിയിച്ച് ഒരു വിഭാഗം  കെഎസ്ആര്‍ടിസി ജീവനക്കാര്‍. ഓണാനുകൂല്യങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് തീരുമാനം. ഓണം ബോണസും ഉത്സവബതയും നല്‍കണമെന്ന് ആവശ്യപ്പെട്ട് ടിഡിഎഫിന്റെ നേതൃത്വത്തിലാണ് സമരം. ജീവനക്കാര്‍ മുന്‍കൂട്ടി അവധി നല്‍കും.

🔲 സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളിലെയും കോർപ്പറേഷനുകളിലെയും വാർഡുകളുടെ എണ്ണം പുനർനിശ്ചയിച്ച് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. മുനിസിപ്പാലിറ്റികളിൽ 128 വാർഡുകളും, കോർപ്പറേഷനുകളിൽ ഏഴ് വാർഡുകളും കൂടി. പുതുക്കിയ കണക്കനുസരിച്ച് തിരുവനന്തപുരം കോർപ്പറേഷനിൽ 101 ഉം,കൊല്ലത്ത് 56 ഉം, കൊച്ചിയിൽ 76 ഉം, തൃശൂരിൽ 56 ഉം, കോഴിക്കോട് 76 ഉം, കണ്ണൂരിൽ 56 ഉം വാർഡുകളുണ്ടാകും. 87 മുനിസിപ്പാലിറ്റികളിലെ നിലവിലുള്ള 3113 വാർഡുകളുടെ എണ്ണം 3241 ആയി വർദ്ധിക്കും.


🔲 കാസർകോട് നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപികയ്ക്ക് സ്കൂൾ വരാന്തയിൽ നിന്ന് പാമ്പുകടിയേറ്റു. നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ സ്വദേശി വിദ്യയ്ക്കാണ് പാമ്പുകടിയേറ്റത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ് അധ്യാപിക. ഇന്ന് രാവിലെ പത്തോടെ നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു സംഭവം. സ്കൂൾ വരാന്തയിൽ 8B ക്ലാസ് മുറിക്ക് മുന്നിൽ വച്ചാണ് അധ്യാപിക വിദ്യയെ പാമ്പുകടിച്ചത്. അധ്യാപികയുടെ കാലിനാണ് കടിയേറ്റത്. ഉടനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. വിഷമില്ലാത്ത തവിടൻ വെള്ളിവരയൻ പാമ്പാണ് അധ്യാപികയെ കടിച്ചത്. രക്ത സാമ്പിൾ പരിശോധിച്ചതിൽ വിഷാംശം ഇല്ലെന്ന് ജില്ലാ ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു

🔲 എംഎൽഎയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം. ആലുവ എംഎൽഎ അൻവർ സാദത്തിന്റെ കുടുംബത്തെയാണ് സൈബർ തട്ടിപ്പ് സംഘം ലക്ഷ്യമിട്ടത്. എംഎൽഎയുടെ മകൾ ദില്ലി പൊലീസിന്റെ പിടിയിലായി എന്ന വ്യാജ സന്ദേശമാണ് എത്തിയത്. ഇന്നലെ രാവിലെ ആയിരുന്നു സംഭവം. മകൾ മയക്കുമരുന്നുമായി ദില്ലി പൊലീസിന്റെ പിടിയിലായെന്നായിരുന്നു സന്ദേശം. അൻവർ സാദത്ത് എംഎൽഎയുടെ പരാതിയിൽ എറണാകുളം സൈബർ പൊലീസ് അന്വേഷണം തുടങ്ങി.

🔲 അപകടകരമായ രീതിയിൽ വാഹനമോടിച്ച വിദ്യാർത്ഥികളുടെ ലൈസൻസ് റദ്ദാക്കി. വാഹനത്തിൽ അഭ്യാസ പ്രകടനങ്ങൾ കാണിച്ചതിനെ തുടർന്നാണ് പൊലീസ് നടപടി. കണ്ണൂർ കാഞ്ഞിരോട് നെഹ്റു കോളേജിലെ മൂന്ന് വിദ്യാർത്ഥികളുടെ ലൈസൻസ് ആണ് റദ്ദാക്കിയത്. മുഹമ്മദ് നിഹാൽ, മുഹമ്മദ് റസ്ലാൻ, മുഹമ്മദ് അഫ്നാൻ എന്നിവരുടെ ലൈസൻസ് ആണ് റദ്ദാക്കിയത്.ഇവരുടെ മാതാപിതാക്കളുടെ പേരിലായിരുന്നു വാഹനങ്ങൾ. ഓണാഘോഷത്തിന്റെ ഭാഗമായാണ് വിദ്യാർത്ഥികൾ വാഹനത്തിൽ അഭ്യാസപ്രകടനം നടത്തിയത്.

🔲 കോഴിക്കോട് ഫാറൂഖ് കോളേജിലെ വിദ്യാർത്ഥികളുടെ അതിരുവിട്ട ഓണാഘോഷത്തിൽ നടപടിയെടുത്ത് പൊലീസ്. പത്ത് വാഹനങ്ങളാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വിദ്യാർത്ഥികൾ നടത്തിയ ഓണാഘോഷത്തിന് കോളേജുമായി ബന്ധമില്ലെന്നാണ് ഫാറൂഖ് കോളജ് പ്രിൻസിപ്പൽ പ്രതികരിച്ചത്. കോളേജിന് പുറത്ത് വിദ്യാർത്ഥികൾ സ്വന്തം നിലയിൽ ആഘോഷം നടത്തിയതാണെന്നും പ്രിൻസിപ്പൽ അറിയിച്ചു

🔲 പത്തനംതിട്ടയിൽ പോക്സോ കേസ് പ്രതിക്ക് 65 വർഷം കഠിനതടവ് ശിക്ഷ. പത്തനംതിട്ട പോക്സോ സ്പെഷ്യൽ കോടതിയുടേതാണ് വിധി. സീതത്തോട് സ്വദേശി 22 വയസ്സുള്ള സോനു സുരേഷിനാണ് ശിക്ഷ വിധിച്ചത്. 17 കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിലാണ് ശിക്ഷ. തടവ് കൂടാതെ പ്രതി 2.5 ലക്ഷം രൂപ പിഴയും അടയ്ക്കണം. 2022 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒന്നിലധികം തവണ പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചു.

🔲 കോഴിക്കോട് സിനിമാ പ്രൊഡക്ഷൻ മാനേജർക്ക് നേരെ ഗുണ്ടാ ആക്രമണം. അഞ്ചംഗ സംഘം ആക്രമിച്ചെന്ന ജിബുവിൻ്റെ പരാതിയിൽ നടക്കാവ് പൊലീസ് കേസെടുത്തു. ഷൈൻ നിഗം നായകനായ ചിത്രത്തിൻ്റെ ഷൂട്ടിംഗ് നടക്കുന്നതിനിടെയാണ് സെറ്റിന് സമീപം വച്ച് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി 11 മണിയോടെ ആയിരുന്നു സംഭവം. കോഴിക്കോട് ഇഖ്റ ആശുപത്രിക്ക് സമീപത്തൊരു സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായത്. ആശുപത്രിക്ക് എതിർവശത്തെ വെളിച്ചെണ്ണ മില്ലിനോട് ചേർന്ന് ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെയാണ് അഞ്ചംഗ സംഘം സ്ഥലത്തെത്തിയത്. പ്രൊഡക്ഷൻ മാനേജർ ജിബുവിനെ പുറത്തോക്ക് വലിച്ചുകൊണ്ടുപോയി റോഡരികിൽ വെച്ച് തല്ലുകയായിരുന്നു. കൂട്ടത്തിലൊരാൾ ലോഹവളകൊണ്ടും മർദിച്ചു എന്നാണ് ജിബു പറയുന്നത്. ചെറിയ കത്തികൊണ്ടും പോറൽ എൽപ്പിച്ചു എന്നും ജിബു പൊലീസിന് നൽകിയ മൊഴിയില്‍ പറയുന്നു.

🔲 ദളപതി 69 എന്ന പുതിയ ചിത്രത്തിൽ വിജയ്ക്ക് റെക്കോർഡ് പ്രതിഫലം എന്ന് റിപ്പോർട്ട്. സിനിമയ്ക്കായി നടൻ 275 കോടി രൂപയാണ് പ്രതിഫലമായി വാങ്ങുന്നത് എന്നാണ് ഫിലിമിബീറ്റ് റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ ഏറ്റവും അധികം പ്രതിഫലം കൈപ്പറ്റുന്ന ഇന്ത്യൻ നടനായി വിജയ് മാറുമെന്നാണ് സൂചന. നിലവിൽ രാജ്യത്ത് ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടൻ ഷാരൂഖ് ഖാനാണ്. ഒരു സിനിമയ്ക്കായി 250 കോടിയാണ് കിംഗ് ഖാന്റെ പ്രതിഫലം.

🔲 ഓണം റിലീസായി തിയേറ്ററുകളിൽ എത്തിയ ടൊവിനോ ചിത്രം അജയന്റെ രണ്ടാം മോഷണം മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ചിത്രത്തിന്റെ ആദ്യദിന കളക്ഷൻ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. 3 .19 കോടി രൂപയോളമാണ് ചിത്രം ഓപ്പണിങ് ഡേ കളക്ഷനായി ഇന്ത്യയിൽ നിന്ന് സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് സാക്‌നിക് റിപ്പോർട്ട് ചെയ്യുന്നത്. 

🔲 റിലീസിന് പിന്നാലെ മികച്ച അഭിപ്രായം സ്വന്തമാക്കിയ ഓണചിത്രമാണ് കിഷ്‌കിന്ധാ കാണ്ഡം. മലയാളത്തിന് മാത്രം കഴിയുന്ന സിനിമ എന്നാണ് പ്രേക്ഷകരിൽ നിന്നുയരുന്ന അഭിപ്രായം. ആദ്യ ചിത്രമായ കക്ഷി അമ്മിണിപിള്ളയിൽ നിന്ന് തീർത്തും വ്യത്യസ്തമായ ചിത്രമാണ് ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത 'കിഷ്‌കിന്ധാ കാണ്ഡം'. ഗുഡ്‌വിൽ എന്റെർറ്റൈൻമെന്റ്‌സിന്റെ ബാനറിൽ ജോബി ജോർജ്ജ് നിർമ്മിച്ച ചിത്രം സമീപകാലത്തെ ഏറ്റവും മികച്ച ത്രില്ലർ ആണെന്നാണ് പ്രേക്ഷകാഭിപ്രായം.

Post a Comment

Previous Post Next Post