കാഞ്ഞിരപ്പുഴ : 200 കിലോഗ്രാമിന് അടുത്ത് തൂക്കമുള്ള തടിക്കഷ്ണം തോളിലേറ്റി 81 മീറ്ററും 60 സെന്റീമീറ്ററുമെന്ന ദൂരം താണ്ടിയപ്പോൾ കണ്ടുനിന്നവർ പോലും അമ്പരന്നു. പിറകേ ആർത്ത് വിളിച്ച് കൈയ്യടിച്ചു. ചുമടുമായി ഇനിയുമൊരു റൗണ്ട് കൂടി ചുറ്റിവരാൻ അപ്പോഴും അദ്ധേഹം തയ്യാറായിരുന്നു. ഇത്രയും മതിയെന്ന സംഘാടകരുടെ നിർദേശപ്രകാരം തടി നിലത്തേക്കിട്ടു.. കാഞ്ഞിരപ്പുഴ ഇരുമ്പകച്ചോലയിലെ മാനി എന്ന് വിളിപ്പേരുള്ള മുഹമ്മദ് കളത്തുംപടിയാണ് (43) തടിച്ചുമട് മത്സരത്തിൽ വിജയിച്ച് പാലക്കയത്തിന്റെ ഹീറോ ആയത്.
പാലക്കയം കുടിയേറ്റം പ്ലാറ്റിനം ജൂബിലി മലയോര മഹോത്സവം ഓണാഘോഷ പരിപാടിയിലാണ് വ്യത്യസ്ഥമായ മത്സരം സംഘടിപ്പിച്ചത്. വടംവലി ഉൾപ്പെടെയുള്ള പതിവ് മത്സരങ്ങളുമുണ്ടായിരുന്നു. ചുമടെടുക്കൽ മത്സരത്തിൽ ആറുപേരാണ് പങ്കെടുത്തത്. 56 മീറ്റർ 60 സെ.മീ ദൂരം മരം ഏറ്റി ഷൗക്കത്തലി പറളി രണ്ടാം സ്ഥാനം നേടി. 190 കിലോയാണ് മരത്തിൻ്റെ കൃത്യമായ ഭാരം