മണ്ണാർക്കാട്: ജി.എം.യു.പി സ്ക്കൂളിൽ 1.30 കോടി രൂപ കിഫ്ബി ഫണ്ടുപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ (05 - 10 - 2024) രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ ആയി നിർവ്വഹിക്കും. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷനാകും. ശിലാഫലകം അനാച്ഛാദനം എൻ.ഷംസുദ്ദീൻ എം.എൽ.എ നിർവ്വഹിക്കും. നഗരസഭ ചെയർമാൻ സി. മുഹമ്മദ് ബഷീർ മുഖ്യാതിഥിയാകും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ ജനപ്രതിനിധികളും, വിവിധ മേഖലകളിലുള്ള പ്രമുഖരും പങ്കെടുക്കുമെന്ന് സംഘാടകസമിതി ഭാരവാഹികളായ പ്രധാനാധ്യാപകൻ സി. നാരായണൻ, പിടിഎ പ്രസിഡണ്ട് സക്കീർ മുല്ലക്കൽ, പി. ഖാലിദ്, സമദ് പൂവക്കോടൻ, ഷമീർ നമ്പിയത്ത്, യു.കെ ബാബു തുടങ്ങിയവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
എട്ട് ക്ലാസ് മുറികളോടു കൂടിയ പുതിയ കെട്ടിടം കിഫ്ബിയിൽ നിന്നും ഒരു കോടി മുപ്പത് ലക്ഷം രൂപ ചെലവഴിച്ചാണ് നിർമിച്ചത്. കരാർ ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഈ വർഷം ജനുവരിയിലാണ് നിർമാണം ആരംഭിച്ചത്. സ്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനുള്ള സ്വപ്നമാണ് ഇതിലൂടെ യാഥാർത്ഥ്യമായതെന്ന് ഭാരവാഹികൾ പറഞ്ഞു. 120 വർഷം പഴക്കമുള്ള ഈ വിദ്യാലയത്തിൽ നിലവിൽ പ്രീപ്രൈമറി മുതൽ യു.പി. തലം വരെ 842 വിദ്യാർഥികളാണ് പഠിക്കുന്നത്. കെട്ടിടോദ്ഘാടനത്തിന്റെ ഭാഗമായി നാരങ്ങപ്പറ്റ, നമ്പിയംകുന്ന്, കൊടുവാളിക്കുണ്ട്, മണ്ണാർക്കാട് ബസ്സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിൽ വ്യാഴാഴ്ച വിദ്യാർത്ഥികളുടെ ഫ്ലാഷ്മോബും നടന്നിരുന്നു