മലപ്പുറം: ചാലിയാര്‍ പുഴയില്‍ കുളിക്കുന്നതിനിടെ കോളജ് അധ്യാപകന്‍ മുങ്ങി മരിച്ചു. നിലമ്പൂര്‍ അമല്‍ കോളജിലെ കായികാധ്യാപകനും കണ്ണൂര്‍ ചാലാട് പള്ളിയാമൂല സ്വദേശിയുമായ മുഹമ്മദ് നജീബ് (37) ആണ് മരിച്ചത്.
ചാലിയാർ പുഴയുടെ മൈലാടി കടവിൽ കുളിക്കുന്നതിനിടയിലാണ് നജീബ് അപകടത്തിൽപ്പെട്ടത്. രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. ഭാര്യയുടെ മാതൃ സഹോദരിയുടെ ഭര്‍ത്താവ് ഹുസൈന്‍, അവരുടെ പിതാവ് മുഹമ്മദ് കുട്ടി എന്നിവര്‍ക്കൊപ്പമാണ് നജീബ് കുളിക്കാനിറങ്ങിയത്. ഭാര്യയും കുട്ടികളുമടക്കമുള്ളവര്‍ പുഴക്കരയില്‍ എത്തിയിരുന്നെങ്കിലും പുഴയില്‍ ഇറങ്ങിയിരുന്നില്ല
കുളിക്കുന്നതിനിടെ ശരീരം തളര്‍ന്ന മുഹമ്മദ് കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് നജീബ് വെള്ളത്തില്‍ മുങ്ങിയത്. സമീപത്ത് പുഴയിൽ മീൻ പിടിക്കുകയായിരുന്നവരാണ് മറ്റുള്ളവരെ രക്ഷപ്പെടുത്തിയത്. അഗ്‌നിശമന സേനയും പോലീസും നാട്ടുകാരും തിരച്ചില്‍ നടത്തിയാണ് 9.20 ഓടെ നജീബിന്റെ മൃതദേഹം കണ്ടെടുത്തത്. മൃതദേഹം പോലീസ് ഇന്‍ക്വസ്റ്റിന് ശേഷം നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.