മണ്ണാർക്കാട് പൂരത്തിന് തുടക്കം

മണ്ണാർക്കാട് : മണ്ണാർക്കാടിന്റെ ദേശീയോത്സവമായ  മണ്ണാർക്കാട് പൂരത്തിന്  തുടക്കമായി. അരകുർശ്ശി ഉദയർകുന്ന്  ഭഗവതി ക്ഷേത്രത്തിൽ ഒരാഴ്ചക്കാലം ഇനി പൂരാഘോഷത്തിന്റെ നാളുകൾ.  ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് പൂരം പുറപ്പാട് നടന്നത്.
ക്ഷേത്രത്തിലേക്ക് ഇന്നലെ വൈകീട്ട് മുതലേ ഭക്തജനങ്ങളുടെ പ്രവാഹമായിരുന്നു .
ക്ഷേത്രം തന്ത്രി പന്തലക്കോട് ശങ്കരനാരായണൻ നമ്പൂതിരിപ്പാടിൻ്റെ കാർമികത്വത്തിൽ താന്ത്രിക ചടങ്ങുകൾക്ക് ശേഷം  ഭഗവതിയുടെ ആറാട്ട് നടന്നു. വലിയാറാട്ട് ദിവസം വരെ എല്ലാ ദിവസവും രാവിലെയും വൈകീട്ടും രണ്ട് ആറാട്ടെഴുന്നെള്ളിപ്പുണ്ടാകും. മൂന്നാം പൂര നാളായ 12ന് പൂരത്തിന് കൊടിയേറും.14ന് കൂട്ടുവിളക്ക്,15ന് ചെറിയാറാട്ട്,16ന് വലിയാറാട്ട് നടക്കും.

പൂരാഘോഷ കമ്മിറ്റി ഏർപ്പെടുത്തിയ ആലിപറമ്പ് ശിവരാമ പൊതുവാൾ സ്മാരക വാദ്യപ്രവീണ പുരസ്കാരം  പ്രസിദ്ധ മദ്ദള കലാകാരൻ കല്ലേകുളങ്ങര കൃഷ്ണവാര്യർ
കെടിഡിസി ചെയർമാൻ പി കെ ശശിയിൽ നിന്ന് ഏറ്റുവാങ്ങി

ജീവകാരുണ്യ പ്രവർത്തകൻ അസ്ലം അച്ചുവിനെ നഗരസഭ ചെയർമാൻ സി മുഹമ്മദ് ബഷീർ ആദരിച്ചു.
 
ചടങ്ങ് എൻ.ഷംസുദ്ദീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജസ്റ്റിസ് എബ്രഹാം മാത്യു, ആലിപറമ്പ് ശിവരാമ പൊതുവാളിൻ്റെ ജീവചരിത്രം പുസ്തകം വാദ്യമാധുരി പരിചയപ്പെടുത്തി. 
മണ്ണാർക്കാട് പൂരാഘോഷ കമ്മിറ്റി പ്രസിഡൻറ് കെ സി സച്ചിദാനന്ദൻ അധ്യക്ഷനായി. സെക്രട്ടറി എം പുരുഷോത്തമൻ, മാനേജിങ് ട്രസ്റ്റി കെ എം ബാലചന്ദ്രനുണ്ണി, നഗരസഭാ വൈസ് ചെയർപേഴ്സൺ  പ്രസീദ, മുൻസിപ്പൽ കൗൺസിലർമാരായ ടി.ആർ. സെബാസ്റ്റ്യൻ, അരുൺകുമാർ പാലക്കുറുശ്ശി, അമുദ, ഡിവൈഎസ്പി കെ എ കൃഷ്ണദാസ്, ഡോക്ടർ എ പി രാധാകൃഷ്ണൻ, ശങ്കരനാരായണൻ തുടങ്ങിയവർ സംബന്ധിച്ചു.

ഇന്ന്  മേളം, നാദസ്വരം  വൈകുന്നേരം 3 മണി മുതൽ 5 മണി വരെ ചാക്യാർകൂത്ത്,  5 മണി മുതൽ 6 മണി വരെ നാദസ്വരം, 6 മണി മുതൽ 8 മണി വരെ തായമ്പക, 8 മുതൽ 9 30 വരെ സംഗീതസന്ധ്യ തുടർന്ന് ആറാട്ടെഴുന്നള്ളിപ്പ്, മേളം, ഇടയ്ക്ക് പ്രദിക്ഷണം എന്നിവയുണ്ടാകും.

 വലിയാറാട്ടു ദിവസം രാവിലെ പൂരത്തിന്റെ വിശേഷ ചടങ്ങായ കഞ്ഞിപ്പാര്‍ച്ച കുന്തിപ്പുഴ ആറാട്ടു കടവില്‍ ചടങ്ങായി നടത്തും.പൊതുജനങ്ങള്‍ക്ക് വിതരണമുണ്ടായിരിക്കില്ല. രാത്രിയില്‍ കാഴ്ച ശീവേലിയുമുണ്ടാകും.വൈകീട്ട് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ സ്ഥാനീയ ചെട്ടിയാന്‍മാരെ ആനയിക്കും. ഇത്തവണ ദേശവേലകള്‍ ഉണ്ടായിരിക്കില്ല.17ന് ചെട്ടിവേലയോടെ പൂരാഘോഷം സമാപിക്കും.
Previous Post Next Post

نموذج الاتصال