പാലക്കാട് ∙ സിപിഎം ബ്രാഞ്ച് കമ്മിറ്റിയിലേക്കു തരംതാഴ്ത്തപ്പെട്ട പി.കെ.ശശിയെ സിഐടിയു ജില്ലാ പ്രസിഡന്റ് സ്ഥാനത്തു നിന്നും നീക്കും. ശശിയെ മാറ്റണമെന്ന ജില്ലാ നേതൃത്വത്തിന്റെ ആവശ്യം സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു എന്നാണ് ലഭിക്കുന്ന അനൗദ്യോഗിക വിവരം. സംസ്ഥാന നേതൃത്വത്തിന് ബുധനാഴ്ച്ച സിപിഎം ജില്ലാ നേതൃത്വം കത്ത് നൽകിയിരുന്നു. ബുധനാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് ഈ തീരുമാനമെടുത്തത്. പാർട്ടി നടപടി നേരിട്ടയാൾ സി ഐ ടി യു ജില്ലാ പ്രസിഡൻ്റ് സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നായിരുന്നു വിലയിരുത്തൽ. ശശിയെ കെ.ടി.ഡി.സി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് നേരത്തെ ജില്ലാ സെക്രട്ടേറിയറ്റ് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ സംസ്ഥാന നേതൃത്വം ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ആറു വർഷം മുൻപു ശശി ജില്ലാ സെക്രട്ടേറിയറ്റിൽ നിന്നു ബ്രാഞ്ചിലേക്കു തരംതാഴ്ത്തപ്പെട്ടപ്പോഴും സിഐടിയു നേതൃസ്ഥാനത്തു നിന്നു മാറിയിരുന്നില്ല.