മണ്ണാര്‍ക്കാട് നഗരസഭയുടെ ബസ് സ്റ്റാന്‍ഡ് കം ഷോപ്പിംങ് കോംപ്ലക്‌സ് നിര്‍മാണച്ചുമതല വാപ്‌കോസിന്

മണ്ണാര്‍ക്കാട് : നഗരത്തില്‍ ആധുനിക രീതിയിലുള്ള നഗരസഭാ കെട്ടിടവും ബസ് സ്റ്റാന്‍ഡ് കം ഷോപ്പിംങ് കോംപ്ലക്‌സും നിര്‍മിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. നിര്‍മാണ ചുമതല പൊതുമേഖല സ്ഥാപനമായ വാപ്‌കോസ് ലിമിറ്റഡിനെ ഏല്‍പ്പിച്ചതായി നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ അറിയിച്ചു. പദ്ധതി നിര്‍വഹണത്തിനായി നഗരസഭ ടെന്‍ഡര്‍ ക്ഷണിച്ചതില്‍ നിന്നാണ് വാപ്‌കോസിനെ തിരഞ്ഞെടുത്തത്. കെട്ടിട നിര്‍മാണമടക്കമുള്ള പ്രവൃത്തികള്‍ക്ക് ടെന്‍ഡര്‍ വിളിക്കുന്നതും കരാറുകാരനെ കണ്ടെത്തുന്നതുമെല്ലാം വാപ്‌കോസിന്റെ നേതൃത്വത്തിലായിരിക്കും. നഗരസഭയുമായി ഉടമ്പടി ഒപ്പുവെച്ചശേഷം നിര്‍മാണവും ആരംഭിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ നടപടികള്‍ വേഗത്തിലായേക്കും. ആദ്യഘട്ടത്തില്‍ അഞ്ച് കോടി രൂപയുടെ പ്രവൃത്തികളാണ് നടത്തുകയെന്ന് അറിയുന്നു. അഞ്ചു നിലകളിലുള്ള ബഹുനില കെട്ടിടം നിര്‍മിക്കാന്‍ 21 കോടിരൂപയുടെ പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. 15 കോടി രൂപ ബാങ്ക് വായ്‌പെയെടുക്കാനാണ് നീക്കം. ഇതിന് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. ബാക്കി തുക നഗരസഭ കണ്ടെത്തും അണ്ടര്‍ഗ്രൗണ്ട്,ഗ്രൗണ്ട് ഫ്ളോര്‍,ഒന്നാം നില,രണ്ടാം നില,മൂന്നാം നില എന്നിങ്ങനെ അഞ്ച് നിലകളിലുള്ള കെട്ടിടം നിലവില്‍ നഗരസഭ കാര്യാലയും ബസ് സ്റ്റാന്‍ഡും സ്ഥിതി ചെയ്യുന്ന ഒന്നരയേക്കര്‍ സ്ഥലത്താണ് നിര്‍മിക്കുക. ഒരേ സമയം എട്ടു ബസുകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ബസ് ബേയോടു കൂടിയതാകും ബസ് സ്റ്റാന്‍ഡ്.രാത്രികാലങ്ങളില്‍ ബസിറങ്ങുന്ന വനിതകള്‍ക്ക് താമസിക്കാനായി ഷീ ലോഡ്ജും പദ്ധതിയിലുണ്ട്. കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് നഗരസഭാ ചെയര്‍മാന്‍, വൈസ് ചെയര്‍പേഴ്സണ്‍,സ്ഥിരം സമിതി അധ്യക്ഷര്‍,സെക്രട്ടറി തുടങ്ങിയവരുടെ ചേംബര്‍ ഉണ്ടാവുക.ഗ്യാലറിയോടു കൂടിയ കൗണ്‍സില്‍ ഹാളും നിര്‍മിക്കും. രണ്ടാം നിലയിലാണ് ഓഫീസ് പ്രവര്‍ത്തിക്കുക. 27 മുറികളോടു കൂടിയതാണ് ഷോപ്പിംഗ് കോംപ്ലക്സ്. അഞ്ഞൂറോളം പേര്‍ക്ക് ഇരിക്കാവുന്ന ടൗണ്‍ഹാളും ഒരുക്കും.നാല് ചക്ര വാഹനങ്ങള്‍,ഇരു ചക്ര വാഹനങ്ങള്‍ എന്നിവയും ഓട്ടോറിക്ഷയ്ക്കായും പാര്‍ക്കിംഗ് സൗകര്യമുണ്ടാകും. പൊലീസ്,എയ്ഡ് പോസ്റ്റ്,കെയര്‍ ടേക്കര്‍ റൂം, ഫീഡിംഗ് റൂം എന്നീ സൗകര്യങ്ങളെല്ലാമുണ്ടാകും. ഓരോ നിലകളിലേക്കും പ്രവേശിക്കുന്നതിന് ലിഫ്റ്റ് സംവിധാനമൊരുക്കും.2022ലാണ് പദ്ധതി ആസൂത്രണം ചെയ്തത്. സര്‍ക്കാരില്‍ നിന്നും അനുമതി ലഭ്യമാകാന്‍ കാലതാമസം വന്നതോടെ പദ്ധതി നീണ്ട് പോവുകയായിരുന്നു.  ഇത്തവണത്തെ സംസ്ഥാന ബജറ്റിലും പദ്ധതി ഇടംപിടിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post