മണ്ണാര്‍ക്കാട് പൂരോത്സവത്തിന്റെ രാപകലുകളിലേക്ക്; ആനപ്രേമികളും നിരാശരാകില്ല

മണ്ണാര്‍ക്കാട്: പൂരോത്സവത്തിന്റെ രാപകലുകളിലേക്ക്. ഒരാഴ്ചക്കാലം നീണ്ടു നില്‍ക്കുന്ന മണ്ണാര്‍ക്കാട് പൂരം മാര്‍ച്ച് 10ന് തുടങ്ങുമെന്ന് പൂരാഘോഷ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആനപ്രേമികളും നിരാശരാകില്ല, ആറാട്ടിന് മൂന്ന് ആനകളെ എഴുന്നള്ളിക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്നും, വലിയ ആറാട്ടിന് ഏഴ് ആനകളെ വരെ എഴുന്നള്ളിക്കാനുള്ള അനുമതിക്കായി ശ്രമിക്കുമെന്നും, കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ഭാരവാഹികൾ പറഞ്ഞു. 

സര്‍ക്കാരിന്റെ നിയന്ത്രണങ്ങളും കോവിഡ് മാനദണ്ഡങ്ങളും ഇത്തവണയും പൂരാഘോഷം.ക്ഷേത്രം തന്ത്രി പന്തലക്കോടത്ത് ശങ്കരനാരായണന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന താന്ത്രിക ചടങ്ങുകള്‍ക്ക് ശേഷമാണ് ആഘോഷം നടക്കുക.ക്ഷേത്ര ചടങ്ങുകള്‍ക്ക് പ്രാമുഖ്യം നല്‍കിയുള്ള ആഘോഷപരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്.


മാര്‍ച്ച് 10ന് പൂരം പുറപ്പാട് ദിവസം രാത്രി 11ന് ഭഗവതിയുടെ ആദ്യ ആറാട്ടെഴുന്നള്ളിപ്പ് നടക്കും.തുടര്‍ന്ന് വലിയാറാട്ടു ദിവസം വരെ എല്ലാ ദിവസവും രാവിലെയും വൈകീട്ടും രണ്ട് ആറാട്ടെഴുന്നെള്ളിപ്പുണ്ടാകും.ദിവസവും വൈകീട്ട് നാദസ്വരം, തായമ്പക, ചാക്യാര്‍കൂത്ത്, ഓട്ടന്‍തുള്ളല്‍, ഇരട്ടത്തായമ്പക, ഇരട്ടനാദസ്വരം എന്നിവയുണ്ടാകും, വിവിധങ്ങളായ കലാപരിപാടികളും അരങ്ങേറും.

മൂന്നാം പൂരനാളായ 12ന് വൈകീട്ട് ആറ മണിയ്ക്ക് പൂരത്തിന് കൊടിയേറും.14ന് കൂട്ടുവിളക്ക്, 15ന് ചെറിയാറാട്ട്,16ന് വലിയാറാട്ടും നടക്കും.വലിയാറാട്ടു ദിവസം രാവിലെ പൂരത്തിന്റെ വിശേഷ ചടങ്ങായ കഞ്ഞിപ്പാര്‍ച്ച കുന്തിപ്പുഴ ആറാട്ടു കടവില്‍ ചടങ്ങായി നടത്തും. പൊതുജനങ്ങള്‍ക്ക് വിതരണമുണ്ടായിരിക്കില്ല.രാത്രിയില്‍ കാഴ്ച ശീവേലിയുമുണ്ടാകും.17ന് ചെട്ടിവേലയോടെ പൂരാഘോഷം സമാപിക്കും. വൈകീട്ട് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ സ്ഥാനീയ ചെട്ടിയാന്‍മാരെ ആനയിക്കും. ഇത്തവണ ദേശവേലകള്‍ ഉണ്ടായിരിക്കില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. മണ്ണാര്‍ക്കാട് പൂരാഘോഷ കമ്മിറ്റിയുടെ ഈ വര്‍ഷത്തെ ആലിപ്പറമ്പ് ശിവരാമപ്പൊതുവാള്‍ സ്മാരക വാദ്യപ്രവീണ പുരസ്‌കാരത്തിന് അര്‍ഹനായ കല്ലേക്കുളങ്ങര കൃഷ്ണവാരിയര്‍ക്കുള്ള പുരസ്‌കാരദാനവും മണ്ണാര്‍ക്കാടിന്റെ ജീവകാരുണ്യ പ്രവര്‍ത്തകനായ അസ്ലം അച്ചുവിനെ ആദരിക്കലും മാര്‍ച്ച് 10ന് നടക്കും.സാംസ്‌കാരിക സദസ് എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. കെടിഡിസി ചെയര്‍മാന്‍ പികെ ശശി പുരസ്‌കാരം സമ്മാനിക്കും. ചടങ്ങില്‍ ആലിപ്പറമ്പ് ശിവരാമപ്പൊതുവാളിനെ കുറിച്ച് ഡോ.എന്‍.പി വിജയകൃഷ്ണന്‍ രചിച്ച ജീവചരിത്ര പുസ്തകം വാദ്യമാധുരി കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് എബ്രഹാം മാത്യു പ്രകാശനം ചെയ്യും.കേരള കലാമാണ്ഡലം വൈസ് ചാന്‍സിലര്‍ ഡോ.ടികെ നാരായണന്‍ പുസ്തകം ഏറ്റുവാങ്ങും.വാര്‍ത്താ സമ്മേളനത്തില്‍ പൂരാഘോഷ കമ്മിറ്റി പ്രസിഡന്റ് കെ സി സച്ചിദാനന്ദന്‍,സെക്രട്ടറി എം പുരുഷോത്തമന്‍,ട്രഷറര്‍ പി. ശങ്കരനാരായണന്‍, ജോയിന്റ് സെക്രട്ടറി പി. ഗോപാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
Previous Post Next Post

نموذج الاتصال