ഉറങ്ങിക്കിടക്കവേ മേൽക്കൂരയിൽ നിന്ന് വീണ പാമ്പിന്റെ കടിയേറ്റ് നാല് വയസ്സുകാരൻ മരിച്ചു

മലമ്പുഴ: ഉറങ്ങിക്കിടന്ന നാലരവയസുകാരൻ വീടിൻ്റെ മേൽക്കൂരയിൽ നിന്ന് വീണ പാമ്പിന്റെ കടിയേറ്റ് മരിച്ചു. മലമ്പുഴ അകമലവാരം വലിയകാട് എൻ. രവീന്ദ്രന്റെ മകൻ അദ്വിഷ് കൃഷ്ണയാണ് മരിച്ചത്. കുട്ടിയുടെ മൂക്കിലാണ് പാമ്പുകടിയേറ്റത്. ശംഖുവരയനാണ് കടിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ഷീറ്റിട്ട വീടിന്റെ മേൽക്കൂരയിൽ നിന്നാണു പാമ്പ് കുഞ്ഞിന്റെ മുഖത്തു വീണത്. കുട്ടിയുടെ നിലവിളി കേട്ട് ഉണർന്ന അമ്മ പരിശോധിച്ചപ്പോഴാണ് അദ്വിഷിന്റെ മൂക്കിൽ ചോരപ്പാടുകൾ കണ്ടത്. കട്ടിലിനടിയിൽ പാമ്പിനെ കണ്ടെത്തി. വെള്ളിക്കെട്ടൻ ഇനത്തിൽപെട്ട പാമ്പാണു കടിച്ചത്. കുട്ടിയെ ഉടൻ ജില്ലാ ആശുപത്രിയിലെത്തിച്ചു.വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകാൻ യഥാസമയം ആംബുലൻസ് ലഭിച്ചില്ലെന്നു കുട്ടിയുടെ പിതാവ് രവി പറഞ്ഞു. ഒരു മണിക്കൂറോളം ആംബുലൻസ് തേടി അലഞ്ഞെങ്കിലും ലഭിച്ചില്ല.പിന്നീട് ടാക്സിയിൽ കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. കൊട്ടേക്കാട് കാളിപ്പാറ വികെഎൻഎൽപി സ്കൂളിൽ യുകെജി വിദ്യാർഥിയാണ്.ഇതേ സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർഥിയായ അദ്വൈദാണു സഹോദരൻ.ജില്ലാ ആശുപത്രിയിൽ എല്ലാ ചികിത്സയും ലഭ്യമാക്കിയെങ്കിലും കുട്ടി അതീവ ഗുരുതരാവസ്ഥയിൽ ആയിരുന്നെന്നാണ് ആശുപത്രി അധികൃതർ  പറയുന്നത്.
Previous Post Next Post

نموذج الاتصال