മണ്ണാർക്കാട് : പ്ലാൻ്റേഷൻ കോർപറേഷൻ്റെ തത്തേങ്ങലത്തെ കശുമാവിൻ തോട്ടത്തിൽ സൂക്ഷിച്ചിട്ടുള്ള എൻഡോസൾഫാൻ അടിയന്തിരമായി നീക്കം ചെയ്ത് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് അഭ്യർത്ഥിച്ച് എച്ച്ഡിഇപി ഫൗണ്ടേഷൻ (ഹ്യൂമൺ ഡെവലപ്മെന്റ് ആൻഡ് എൻവിയോൺമെന്റൽ പ്രൊട്ടക്ഷൻ ഫൗണ്ടേഷൻ) മുഖ്യമന്ത്രിക്ക് കത്തയച്ചു.
2011 ലാണ് 300 ലിറ്ററോളം വരുന്ന എൻഡോസൾഫാൻ തത്തേങ്ങലത്തെ തോട്ടത്തിൽ സൂക്ഷിക്കുന്നത്. 2014-ൽ ചോർച്ചയെ തുടർന്ന് 10 ലക്ഷം രൂപ മുടക്കി പുതിയ ബാരലിലേക്ക് മാറ്റിയിരുന്നു. അന്ന് ഉടൻ എൻഡോസൾഫാൻ നീക്കം ചെയ്യുമെന്ന് പറഞ്ഞിരുന്നെങ്കിലും വർഷം 8 കഴിഞ്ഞിട്ടും അതിന് നടപടിയായില്ല.
സൈലൻ്റ് വാലി ബഫർ സോണിലാണ് എൻഡോസൾഫാൻ ഉള്ളത്. ഇനി ചോർച്ച യോ മറ്റോ ഉണ്ടായാൽ മനുഷ്യന് ദോഷമാവുന്നതു പോലെ പ്രകൃതിയിലെ മറ്റ് ജീവജാലങ്ങൾക്കും ആപത്താവും. തത്തേങ്ങലത്ത് നിരവധി പേരാണ് ക്യാൻസർ രോഗം വന്ന് മരിച്ചത്. പലരും അംഗവൈകല്യങ്ങൾ ഉണ്ടായി ദുരിതമനുഭവിക്കുന്നു. 2015 മെയിൽ തൃശൂർ മെഡിക്കൽ കോളജിലെ 5 ഡോക്ടർമാർ അടങ്ങുന്ന സംഘം ഇരുന്നൂറോളം പേരെ പരിശോധിച്ചതിന്റെ ഫലം ഈ അടുത്ത് പുറത്ത് വന്നപ്പോൾ തത്തേങ്ങലത്തു 45 പേർക്കു സെറിബ്രൽ പാൾസി ഉൾപ്പെടെ ജനിതകവൈകല്യങ്ങളും മറ്റു ഗുരുതര രോഗങ്ങളും കണ്ടെത്തി. രോഗബാധിതരായവരിൽ പലരും ഇതിനോടകം മരിച്ചു. ജീവിച്ചിരിക്കുന്നവർ ഇത് വരെ എൻഡോസൾഫാൻ ദുരിത ബധിതരുടെ ലിസ്റ്റിൽപ്പെട്ടിട്ടില്ല, അവരെ ദുരിത ബാധിതരുടെ ലിസ്റ്റിൽ പെടുത്തി അവർക്ക് അർഹിക്കുന്ന ആനുകൂല്യവും ഉറപ്പാക്കണമെന്നും എച്ച്ഡിഇപി ഫൗണ്ടേഷൻ നൽകിയ കത്തിൽ അഭ്യർത്ഥിച്ചു.
എൻസോസൾഫാൻ നീക്കം ചെയ്യാനുള്ള നടപടി ഉടൻ ഉണ്ടാവുമെന്നാണ് പ്രതീക്ഷയെന്ന് എച്ച്ഡിഇപി ഭാരവാഹികളായ അഡ്വ: ജുനൈസ് പടലത്ത്, അബ്ദുൽ ഹാദി അറയ്ക്കൽ, അൻവർ ചൂരിയോട് എന്നിവർ പറഞ്ഞു.