മണ്ണാര്‍ക്കാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയ്ക്ക് കോടതി 12 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചു. കുമ്പളം ചോല, പൊറ്റശ്ശേരി, ഏതലിന്‍ വീട്ടില്‍ ജോര്‍ജ് എന്ന സണ്ണി (55)യേയാണ് പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി സതീഷ് കുമാര്‍ ശിക്ഷിച്ചത്. പിഴ സംഖ്യ അതിജീവിതയ്ക്ക് നല്‍കാനും വിധിയായി. 2021ലാണ് കേസിനാസ്പദമായ സംഭവം. മണ്ണാര്‍ക്കാട് എസ്‌ഐമാരായ കെ.രാമചന്ദ്രന്‍,കെ ആര്‍ ജസ്റ്റിന്‍ എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.13 സാക്ഷികളെ വിചാരണ ചെയ്തു.17 രേഖകള്‍ ഹാജരാക്കി.പ്രൊസിക്യൂഷന് വേണ്ടി നിഷ വിജയകുമാര്‍ ഹാജരായി.