എം.ഇ.ടി സ്‌കൂളിലെ ജീവനക്കാര്‍ സമരത്തില്‍

മണ്ണാര്‍ക്കാട് : കോവിഡ് കാലത്ത് വെട്ടിക്കുറച്ച ശമ്പളം നല്‍കിയില്ലെന്നാരോപിച്ച് സമരവുമായി മണ്ണാര്‍ക്കാട് എംഇടി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും രംഗത്ത്. കോവിഡ് കാലത്ത് തങ്ങളുടെ സ്വന്തം ലാപ്ടോപ്പും, നെറ്റും ഉപയോഗിച്ച് പോലും  വിദ്യാർത്ഥികൾക്ക്  ഓൺലൈനിലൂടെ കൃത്യമായി ക്ലാസ്സുകളെടുത്ത് നൽകിയിരുന്നതായും, കോവിഡ് കാലത്തെ ഫീസിനത്തിൽ വിദ്യാർത്ഥികളിൽ നിന്ന് പിരിഞ്ഞ് കിട്ടാനുള്ളത് കുറേയേറെ പിരിച്ചെടുത്തത് തങ്ങൾ ഓരോരുത്തരുടേയും പരിശ്രമഫലമായാണെന്നും സമരക്കാർ പറഞ്ഞു. കോവിഡ് കാലത്ത് വെട്ടിക്കുറച്ച ശമ്പളം ഫീസ് മുഴുവന്‍ ലഭിക്കുന്ന മുറയ്ക്ക് നല്‍കാമെന്ന് ഉറപ്പു നല്‍കിയിരുന്നതായും എന്നാല്‍ ഫീസ് പൂര്‍ണമായി പിരിച്ചെടുത്തിട്ടും ശമ്പളം ലഭ്യമായിട്ടില്ലെന്ന് സമരക്കാര്‍ പറയുന്നു. മാനേജ്‌മെന്റിന്റെ നിഷേധ നിലപാടില്‍ പ്രതിഷേധിച്ച് അധ്യാപകരും ജീവനക്കാരും കുത്തിയിരിപ്പ് സമരം നടത്തുകയാണ്. ഇന്നലെ രാത്രിയാണ് സമരം ആരംഭിച്ചത്.  45 സ്ഥിരം അധ്യാപകരും അനധ്യാപകരുമാണ് സമരത്തില്‍ പങ്കെടുക്കുന്നത്. 30,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ കുടിശ്ശികയുണ്ടെന്നാണ് പറയുന്നത്. ഇന്നലെ നടന്ന മാനേജ്‌മെന്റ് യോഗത്തിന് ശേഷവും കോവിഡ് കാലത്ത് കുറച്ച ശമ്പളം നല്‍കാനാവില്ലെന്നാണ് മാനേജ്‌മെന്റ് ആവര്‍ത്തിച്ചത്. ഇതേ തുടര്‍ന്നാണ് സമരം ആരംഭിച്ചത്.കുടിശ്ശികയുടെ കാര്യത്തില്‍ തീരുമാനമാകും വരെ സമരം തുടരുമെന്ന് സമരക്കാര്‍ വ്യക്തമാക്കി. എന്നാല്‍ കോവിഡ് കാലത്ത് വെട്ടിക്കുറച്ച ശമ്പളം നല്‍കുമെന്ന് പറഞ്ഞിട്ടില്ലെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ പറയുന്നു. കോവിഡ് കാലത്ത് ഫീസ് കുറവ് വരുത്തിയിരുന്നു. ഇനിയും പിരിഞ്ഞ് കിട്ടാനുണ്ട്. പല സ്ഥാപനങ്ങളും ശമ്പളം കട്ട് ചെയ്തപ്പോള്‍ തങ്ങള്‍ കുറവ് വരുത്തുക മാത്രമാണ് ചെയ്തതെന്നാണ് മാനേജ്‌മെന്റ് പ്രതിനിധികളുടെ വിശദീകരണം.
Previous Post Next Post

نموذج الاتصال