മണ്ണാർക്കാട് - ചിന്നതടാകം റോഡിന്റെ ഭാഗമായി വരുന്ന അട്ടപ്പാടി ചുരം റോഡിലെ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായും റോഡിന്റെ പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിനായി ഈ മാസം അവസാനമോ നവംബർ ആദ്യവാരമോ അട്ടപ്പാടിയിൽ നേരിട്ട് വന്ന് പരിശോധിക്കുമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
അടിയന്തരമായി റോഡ് ജനങ്ങൾക്ക് ഗതാഗതയോഗ്യമാക്കണം എന്നതിനാൽ
നിലവിൽ കോൺക്രീറ്റ് ചെയ്യാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. നിലവിൽ നടക്കുന്ന പാച്ച് വർക്കുകൾ നാളെ (ഒക്ടോബർ ആറിന്) പൂർത്തിയാക്കും.
52 കിലോമീറ്റർ ദൈർഘ്യമുള്ള ചുരം റോഡിന്റെ ആദ്യ എട്ട് കിലോമീറ്റർ ആദ്യ ഘട്ടത്തിൽ പൂർത്തിയാക്കുന്നതിന് കിഫ്ബിയിൽ നിന്നും ഭരണാനുമതി (എ.എസ്.) ലഭിച്ചിട്ടുണ്ട്. 26 കോടിയുടെ ഭരണാനുമതിയും 41 കോടിയുടെ സാങ്കേതികാനുമതിയും (ടി.എസ്.) ആണ് ലഭിച്ചിട്ടുള്ളത്. റിവൈസ്ഡ് എ.എസ് 10 ദിവസത്തിനുള്ളിൽ പ്രോജക്ട് ഡയറക്ടറുടെ ഓഫീസിൽ നിന്നും കിഫ്‌ബിയിൽ നിന്നും ലഭിക്കും. അതിനുശേഷം നടപടികൾ തുടങ്ങും.
നിലവിൽ തകർന്ന ഭാഗങ്ങളിൽ അടിയന്തരമായി കോൺക്രീറ്റ് ചെയ്യുന്ന പ്രവർത്തികൾ നടന്നുവരുന്നുണ്ട്. പ്രവർത്തികൾ പരിശോധിക്കുന്നതിനായി ഒരു നോഡൽ ഓഫീസറെ നിയമിക്കും. നിലവിലെ പ്രവർത്തികൾ പരിശോധിക്കുന്നതിനായി കെ.ആർ.എഫ്.ബിയുടെ പ്രോജക്ട് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഹെയർപിൻ വളവുകൾ വരുന്ന എട്ടു മുതൽ 19 കിലോമീറ്റർ വരെയുള്ള ഭാഗങ്ങളിൽ റോഡിൽ ഉറവകളും വെള്ളക്കെട്ടും ഉണ്ടാകുന്നത് ആ പ്രദേശങ്ങളിലെ റോഡിന്റെ തകർച്ചയ്ക്ക് പ്രധാന കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതിന് പരിഹാരമായി ചുരം വരുന്ന ഭാഗങ്ങളിൽ കോൺക്രീറ്റ് അല്ലെങ്കിൽ ഇന്റർലോക്ക് ചെയ്യാനാണ് തീരുമാനം.
19 മുതൽ 52 കിലോ മീറ്റർ വരെയുള്ള ഭാഗങ്ങളിലും പാച്ച് വർക്കുകൾ ചെയ്തുവരുന്നുണ്ട്. അതും നാളെയോടെ പൂർത്തിയാക്കും. താവളം - കുറവൻകണ്ടി ഭാഗത്ത് കഴിഞ്ഞ മഴയിൽ കൽവർട്ട് തകരുകയും റോഡ് പൂർണമായും നശിക്കുകയും ചെയ്തിട്ടുണ്ട്. അതിന് പരിഹാരമായി ഒരു ഡീവിയേഷൻ റോഡിന് 22,98,000 രൂപ അനുവദിച്ച് അടിയന്തര പ്രാധാന്യം നൽകി പൂർത്തിയാക്കി വരുന്നുണ്ട്. ഈ മാസം 20 ഓടെ അത് പൂർത്തിയാക്കും. തകർന്ന കൽവർട്ട് നേരെയാക്കുന്നതിനും റോഡ് പഴയ സ്ഥിതിയിലേക്ക് ആക്കുന്നതിനുമായി 1.12 കോടി രൂപയുടെ എസ്റ്റിമേറ്റ് സമർപ്പിക്കുകയും ഭരണാനുമതി ലഭിക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു