വടക്കഞ്ചേരി: സ്കൂളിൽ നിന്ന് ടൂര്‍ പോയ ബസും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ച് ഒമ്പത് മരണം. നിരവധി പേർക്ക് പരിക്കേറ്റു. സ്കൂൾ വിനോദയാത്രാ സംഘത്തിന്റെ ബസ് കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിനു പിന്നിലിടിച്ച് ചതുപ്പിലേക്കു മറിയുകയായിരുന്നു.
ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്കൂളിൽനിന്ന് ഊട്ടിയിലേക്ക് 42 വിദ്യാർഥികളും അഞ്ച് അധ്യാപകരുമായി പോയ ടൂറിസ്റ്റ് ബസാണ് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിലിടിച്ച് മറിഞ്ഞത്.
40ഓളം പേർക്കു പരുക്കേറ്റു. കെഎസ്ആർടിസി ബസിലുണ്ടായിരുന്ന 3 പേരും ടൂറിസ്റ്റ് ബസിലെ 5 യാത്രക്കാരും മരിച്ചവരിൽ ഉൾപ്പെടുന്നു. അപകടസംഖ്യ ഉയർന്നേക്കാമെന്നു പൊലീസ് പറഞ്ഞു. ആറു പുരുഷൻമാരും മൂന്നു സ്ത്രീകളുമാണ് മരിച്ചത്. കെഎസ്ആർടിസി യാത്രക്കാരായ തൃശൂർ നടത്തറ കൊഴുക്കുള്ളി ഗോകുലം രോഹിത് രാജ് (24), കൊല്ലം വള്ളിയോട് വൈദ്യൻകുന്ന് ശാന്തിമന്ദിരം ഒ.അനൂപ് (22), സ്കൂൾ ജീവനക്കാരായ നാൻസി ജോർജ്, വി.കെ.വിഷ്ണു എന്നിവർ മരിച്ചവരിൽ ഉൾപ്പെടുന്നു. പരുക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ ഉൾപ്പെടെ പ്രവേശിപ്പിച്ചു.മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസിന്റെ പിന്നിലേക്കു പാഞ്ഞുകയറിയത്. കൊട്ടാരക്കര – കോയമ്പത്തൂർ കെഎസ്ആർടിസി ബസിൽ 49 യാത്രക്കാർ ഉണ്ടായിരുന്നു.
ഹരികൃഷ്ണൻ (22), അമേയ (17), അനന്യ (17), ശ്രദ്ധ (15), അനീജ (15), അമൃത (15), തൻശ്രീ (15), ഹൈൻ ജോസഫ് (15), ആശ (40), ജനീമ (15), അരുൺകുമാർ (38), ബ്ലസൻ (18), എൽസിൽ (18), എൽസ (18) എന്നിവർ ഉൾപ്പെടെ 16 പേരാണു പരുക്കേറ്റു തൃശൂരിലെ ആശുപത്രിയിലുള്ളത്.