അഗളി : കാട്ടാന ശല്ല്യത്തിന് അറുതി വരുത്തുമെന്ന വാഗ്ദാനങ്ങളെല്ലാം പാഴ് വാക്കായി മാറുന്നത് കണ്ട് അമർഷത്തിലാണ് അട്ടപ്പാടിക്കാർ. ജൂലായ് 28-ന് പ്ലാമരത്തെ മല്ലീശ്വരിയെന്ന യുവതി കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് അടുത്ത ദിവസം കൃഷിമന്ത്രി പി. പ്രസാദിന്റെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന അവലോകയോഗത്തിനുശേഷം എടുത്ത തീരുമാനങ്ങളൊന്നും നടപ്പായില്ല. അവലോകനയോഗത്തിൽ അട്ടപ്പാടിയിലെ മൂന്ന് പഞ്ചായത്തിലും വനം വകുപ്പിന്റെ ദ്രുതപ്രതികരണസംഘം (ആർ.ആർ.ടി.) രൂപവത്കരിച്ച് അടിയന്തരമായി പ്രവൃത്തി ആരംഭിക്കുമെന്നും ആർ.ആർ.ടി.ക്കുള്ള വാഹനസൗകര്യം നൽകുമെന്നും പറഞ്ഞിരുന്നു. ഈ വാഹനം ഇതുവരെ നൽകിയിട്ടില്ല. മല്ലീശ്വരിയെ കൊന്ന കൊമ്പനടക്കം നാല് കൊമ്പൻമാർക്ക് റേഡിയോകോളർ ഘടിപ്പിക്കുമെന്ന് പറഞ്ഞതും ഇതുവരെ നടപ്പായിട്ടില്ല.
വനത്തിൽ ഫലവൃക്ഷത്തൈകൾ നടുന്നതുവഴി കാട്ടാനകൾ ഭക്ഷണംതേടി ജനവാസമേഖലകളിലെത്തുന്നത് തടയുന്നതിനുള്ള പദ്ധതിയും പ്രഖ്യാപനത്തിൽ ഒതുങ്ങി. തൂക്കിയിടുന്ന വൈദ്യുതവേലികൾ സ്ഥാപിക്കുന്നതിനും വനാതിർത്തിയിൽ കിടങ്ങുകൾ തീർത്ത് കാട്ടാനകൾ ജനവാസ മേഖലയിലെത്തുന്നത് തടയുന്നതിനും പദ്ധതി തയ്യാറാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതും നടപ്പായില്ല. അട്ടപ്പാടിയിൽ കാട്ടാനകൾ രണ്ടുവർഷത്തിനിടയിൽ കൊന്നത് 11 പേരെയാണ്. ഈ തീരുമാനങ്ങൾ നടപ്പാക്കാത്തതിനെക്കുറിച്ച് മണ്ണാർക്കാട് ഡി.എഫ്.ഒ. എം.കെ. സുർജിത്തടക്കമുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രതികരിക്കാൻ തയ്യാറായില്ല